ഇരിട്ടി: ആറളം പഞ്ചായത്തിലെ കല്ലറയിൽ ജനവാസ മേഖലയിൽ ചത്ത പോത്തുകളെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കല്ലറ - വീർപ്പാട് റോഡിനോട് ചേർന്ന വെട്ടിക്കാട്ടിൽ മാത്യുവിന്റെ കൃഷിയിടത്തിലാണ് ജഡം തള്ളിയ നിലയിൽ കണ്ടെത്തിയത്. ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിൽ ആണ് രണ്ട് ചത്ത പോത്തുകളെ കണ്ടത്. തിങ്കളാഴ്ച രാത്രിയിൽ റോഡിൽ നിന്ന് നായ്ക്കളുടെ നിർത്താതെയുള്ള കുര കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. വാഹനത്തിൽ പോത്തുകളെ മാർക്കറ്റിൽ ഇറക്കി കൊടുക്കുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോത്തുകളെ വാഹനത്തിൽ കൊണ്ടു പോകുന്നതിനിടെ ചത്തതിനെ തുടർന്ന് ഗതാഗതം കുറഞ്ഞ റോഡരികിൽ കൊണ്ടുവന്നു തള്ളിയത് ആകാമെന്നാണ് നിഗമനം. പോത്തുകളുടെ ജഡത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ട്. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ. പി. രാജേഷ്, പഞ്ചായത്ത് അംഗങ്ങളായ ജെസ്സി ഉമ്മിക്കുഴി, ഫ്രാൻസിസ് കുറ്റിക്കാട്ടിൽ എന്നിവർ സ്ഥലത്തെത്തി. ആറളം പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് പോത്തിന്റെ ജഡം സമീപത്തു തന്നെ കുഴിയെടുത്ത സംസ്‌കരിച്ചു. റോഡിൽ അറവ് മാലിന്യങ്ങളും മറ്റും വാഹനങ്ങളിൽ കൊണ്ടുവന്ന് നിക്ഷേപിക്കുന്ന സംഘമാണ് ഇതിന് പിന്നിൽ എന്നും സംശയിക്കുന്നുണ്ട്
ജനവാസ മേഖലയിലെ റോഡരികിൽ ചത്ത പോത്തുകളെ ഉപേക്ഷിച്ച നിലയിൽ
News@Iritty
0
Post a Comment