Join News @ Iritty Whats App Group

ഇരിട്ടി നഗരസഭ കേരളോത്സവ പരിപാടി: എംഎൽഎയെ ഒഴിവാക്കിയത് പ്രതിഷേധാർഹം: യുഡിഎഫ്



ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കേരളോത്സവ പരിപാടിയിൽ നിയോജകമണ്ഡലം എംഎൽഎയെ ഒഴിവാക്കിയത് പ്രതിഷേധാർഹമാണെന്ന് ഇരിട്ടി മുനിസിപ്പൽ യുഡിഎഫ് കമ്മിറ്റി നേതാക്കളായ എം.എം.മജീദ്, കെ.വി.രാമചന്ദ്രൻ, അഷ്റഫ് ചായിലോട്, സി.കെ.ശശിധരൻ എന്നിവർ പ്രസ്ഥാവിച്ചു.

കേരളോത്സവ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനേയും വൈസ് പ്രസിഡൻ്റിനേയും ഉൾപ്പെടുത്തിയിട്ടും നിയോജക മണ്ഡലം എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫിനെ ഒഴിവാക്കിയത് മന:പ്പൂർവ്വവും രാഷ്ട്രീയ പ്രേരിതവുമാണ്.

മുനിസിപ്പാലിറ്റിയുടെ വിവിധ കേന്ദ്രങ്ങളിലായി നിരവധി വികസന പ്രവർത്തനങ്ങൾക്കും, 
മിക്ക റോഡുകളും ഗതാഗത യോഗ്യമാക്കുന്നതിന് ഫണ്ടുകൾ അനുവദിച്ചും,
 ഇരിട്ടി പട്ടണം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ എംഎൽഎയുടെ ക്രിയാത്മക ഇടപെടലുകൾ ഉണ്ടായിട്ടും എംഎൽഎയെ മുനിസിപ്പാലിറ്റിയുടെ പരിപാടികളിൽ നിന്ന് മാറ്റി നിർത്തിയത് അപഹാസ്യമാണെന്നും കമ്മിറ്റി കുറ്റപ്പെടുത്തി.

യുവജനങ്ങളുടെ കലാ കായിക രംഗത്ത് പ്രോത്സാഹനമാകുന്ന മലയോര മേഖലയിൽ വെച്ച് ഏറ്റവും വലിയ പരിപാടിയിൽ എം.എൽ.എ യെ മാറ്റിനിർത്തപ്പെട്ടതിലൂടെ മുനിസിപ്പൽ ഭരണാധികാരികൾ സി.പി.എം. ഓഫീസിൻ്റെ ആജ്ഞാനുവർത്തികളായി മാറുകയാണെന്നും യുഡിഎഫ് കമ്മിറ്റി ആരോപിച്ചു.

ജനകീയ എംഎൽഎയെ ഒരു പ്രധാനപ്പെട്ട ബഹുജന പരിപാടിയിൽ ഒഴിവാക്കിയതിൽ യുഡിഎഫ് കൗൺസിലർമാർ സംഘാടക സമിതിയുടെ ഉത്തരവാദപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടും നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിച്ചത്.
 ഈ കാര്യത്തിലുള്ള നിഷേധാത്മക സമീപനം തിരുത്താൻ തയ്യാറാകണമെന്ന് യുഡിഎഫ് കമ്മിറ്റി മുനിസിപ്പൽ ചെയർപേഴ്സനോടും അധികൃതരോടും കേരളോത്സവ സംഘാടക സമിതിയോടും ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post
Join Our Whats App Group