Join News @ Iritty Whats App Group

ഇനിയും ലോക്സഭയിലേക്ക് മത്സരിക്കും; നിയമസഭയിലേക്ക് മത്സരിക്കാനില്ലെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: നിയമസഭയിലേക്ക് മൽസരിക്കാനില്ലെന്ന പ്രഖ്യാപനവുമായി കെ മുരളീധരൻ. വീണ്ടും ലോക്സഭയിലേക്ക് തന്നെ മൽസരിക്കുമെന്നാണ് മുരളീധരന്റെ സ്വയം പ്രഖ്യാപനം. സംസ്ഥാന രാഷ്ട്രീയത്തിൽ തിരിച്ചെത്തുമെന്നും വട്ടിയൂർകാവിൽ സ്ഥാനാർത്ഥിയാവുമെന്ന സൂചനകൾക്കിടെയാണ് നേതൃത്വത്തെ അമ്പരിപ്പിക്കുന്ന മുരളിയുടെ നീക്കം.

മുല്ലപ്പള്ളിക്ക് പകരക്കാരനായി വടകരയിൽ നിന്ന് ലോക്സഭയിലേക്ക് മൽസരിച്ചത് അപ്രതീക്ഷിത നീക്കമായിരുന്നു. ലോക്സഭയിലെത്തിയിട്ടും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്താനാവാത്തിലുള്ള പരിഭവം മുരളീധരൻ പലപ്പോഴും പങ്കുവച്ചു. ഇതിനിടയിൽ നേമത്ത് മൽസരിച്ച് കേരളത്തിലേക്ക് തിരിച്ചെത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെ‌ട്ടു. ഇടക്കാലത്ത് വട്ടിയൂർ കാവിൽ വീണ്ടും സജീവമായതോടെ കെ മുരളീധരൻ ഇനി കേരള രാഷ്ട്രീയത്തിൽ തന്നെയെന്ന് ഉറപ്പിച്ചു. പക്ഷേ,താൻ നിയമസഭയിലേക്ക് ഇല്ലെന്നാണ് മുരളീധരന്റെ പ്രഖ്യാപനം.

മുരളിയുടെ പ്രഖ്യാപനത്തെ എം കെ രാഘവൻ സ്വാഗതം ചെയ്തു. ഒന്നര വർഷത്തിനു ശേഷം നടക്കേണ്ട ലോക്സഭ തെരഞ്ഞെടുപ്പിനെ കുറിച്ച് കോൺഗ്രസ്സ് നേതൃത്വം ചിന്തിച്ച് തുടങ്ങിയിട്ടില്ല. പക്ഷേ വളരെ മുമ്പേ തന്നെ സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുക കൂടിയായിരുന്നു മുരളീധരൻ. പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടപ്പെട്ട രമേശ് ചെന്നിത്തല ദേശീയ നേതൃത്വത്തിലെത്തുമെന്ന് സൂചനയുണ്ടായിരുന്നു.

എന്നാൽ ചെന്നിത്തല പാർലമെന്റിൽ മൽസരിക്കാനുണ്ടാവില്ലെന്ന് മുരളീധരൻ പ്രഖ്യാപിച്ചു. അതായത് ചെന്നിത്തല കേരളനേതൃത്വം തന്നെയാണ് ലക്ഷ്യമിടുന്നതെന്ന് മുരളീധരൻ പറയാതെ പറഞ്ഞു. ചുരുക്കത്തിൽ നേതാക്കളെ മുന്നിലിരുത്തി കോഴിക്കോട്ട് കെ മുരളീധരന്റെ പ്രഖ്യാപനം ബാവി രാഷ്ട്രീയം മുന്നിൽ കണ്ടാണെന്ന് വ്യക്തം.

Post a Comment

Previous Post Next Post
Join Our Whats App Group