Join News @ Iritty Whats App Group

ഫുട്‌ബോള്‍ ലഹരിയാകുന്നു, താരാരാധന അതിരു കടക്കുന്നുവെന്ന് സമസ്ത; വ്യക്തിസ്വതന്ത്ര്യം തടയാന്‍ ആര്‍ക്കും കഴിയില്ലെന്ന് മന്ത്രി ശിവന്‍കുട്ടി



കോഴിക്കോട്/തിരുവനന്തപുരം: ലോകകപ്പ് ഫുട്‌ബോള്‍ താരാരാധനയെ ചൊല്ലി പുതിയ വിവാദം. ഫുട്‌ബോള്‍ വിശ്വാസികള്‍ക്ക് ലഹരിയാകുന്നുവെന്നും ദൈവത്തെ ആരാധിക്കുന്നതിനു പകരം താരാരാധനയ്ക്ക് പിന്നാലെ പോകുന്നുവെന്നും ഇത് ശരിയായ നടപടിയല്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന കമ്മിറ്റി. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് മുമ്പുള്ള ഖുത്വബക്ക് സംസാരിക്കാനായി ഖത്തീബുമാര്‍ക്ക് നല്‍കിയ വിഷയത്തിലാണ് സമസ്ത ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഫുട്‌ബോള്‍ കായികാഭ്യാസമെന്ന നിലയില്‍ നിഷിദ്ധമായ കളിയല്ലെന്നും മനുഷ്യരുടെ ശാരീരികവും മാനസികവുമായ അഭിവൃദ്ധിക്ക് ഗുണകരമാവുന്ന ഏതൊന്നും അടിസ്ഥാനപരമായി മനുഷ്യന് അനുവദനീയമാണെന്നും മുഹമ്മദ് നബി ഓട്ട മത്സരത്തിന് പ്രോത്സാഹിപ്പിക്കുമായിരുന്നുവെന്നും സമസ്ത നല്‍കിയ പ്രസംഗക്കുറിപ്പില്‍ പറയുന്നു.

സ്‌നേഹവും കളി താല്‍പര്യവും അതിര് വിട്ട് ആരാധനയിലേക്കെത്തുമ്പോള്‍ അപകടമാണ്. അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ. ഫാന്‍സ് എന്നത് വ്യക്തി ആരാധനയാക്കുന്നത് ശിര്‍ക്കിന്റെ പോലും കാരണമാകുമെന്നും മുന്നറിയിപ്പ് നല്‍കി. കളിയെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ ഉള്‍ക്കൊള്ളുന്നതിന് പകരം വ്യക്തിയോട് ആരാധനയും ആരാഷ്ട്രത്തോട് ദേശീയ പ്രതിബദ്ധതയും പാടില്ല. ഇന്ത്യയിലെ ആദ്യത്തെ അധിനിവേശികളും ക്രൂരന്മാരുമായ പോര്‍ച്ചുഗലിനെയും ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളേയും അന്ധമായി ഉള്‍ക്കൊണ്ട് അവരുടെ പതാക കെട്ടി നടക്കുന്നതും ശരിയായ രീതിയല്ലെന്നും സമസ്ത ചൂണ്ടിക്കാട്ടുന്നു.

ലോകകപ്പിലെ മിക്ക കളികളും ഇന്ത്യയില്‍ രാത്രിയിലും അര്‍ധരാത്രിക്ക് ശേഷവുമാണ് നടക്കുന്നത്. രാത്രിയാവുന്നതുവരെയുള്ള സമയങ്ങളില്‍ കളി കാണുന്നവര്‍ പകലിലും രാത്രിയിലും നടക്കുന്ന ജമാഅത്ത് നമസ്‌കാരങ്ങള്‍ക്ക് ഭംഗം വരാത്ത വിധമായിരിക്കണം അത് കാണേണ്ടത്. ഫുട്ബോള്‍ ലഹരി ഒരിക്കലും ജമാഅത്ത് നമസ്‌കാരത്തില്‍നിന്ന് ഒരു വിശ്വാസിയെയും പിറകോട്ടെടുപ്പിക്കരുത്. പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കിയുള്ള കൂറ്റന്‍ ബോര്‍ഡുകളും കട്ടൗട്ടുകളുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഭക്ഷണത്തിന് വകയില്ലാത്തവരും ഒരു തൊഴിലോ വരുമാനമോ ഇല്ലാത്തവരും ഈ ദുര്‍വ്യയത്തില്‍ പങ്കുചേരുന്നു എന്നത് ആശ്ചര്യമാണ്. ഇത് കാല്‍പന്തിനോടുള്ള സ്നേഹമല്ല, മറിച്ച് മനസ്സില്‍ കെട്ടിയുയര്‍ത്തിയിട്ടുള്ള തന്റെ ഹീറോയോടുള്ള വീരാരാധനയുടെ ബഹിര്‍സ്ഫുരണം മാത്രമാണെന്നും കുറിപ്പില്‍ പറഞ്ഞു.

എന്നാല്‍, ലോകകപ്പ് ഫുട്‌ബോള്‍ കാണുന്നതും താരാരാധനയും വ്യക്തിസ്വതന്ത്ര്യമാണെന്നും അതില്‍ കൈകടത്താന്‍ ആര്‍ക്കും അവകാശമില്ലെന്നും മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. കളി കാണണോ വേണ്ടയോ, പാട്ടുകേള്‍ക്കണോ, പുസ്തകം വായിക്കണോ എന്നതൊക്കെ തീരുമാനിക്കേണ്ടത് വ്യക്തിയാണ്. ഇന്ത്യന്‍ ഭരണഘടനയ്ക്കുള്ളില്‍ നിന്ന് വ്യക്തിപരമഗായ അവകാശം ഉപയോഗിക്കാന്‍ ആര്‍ക്കും കഴിയും. അത് തടയാന്‍ ആര്‍ക്കും കഴിയില്ല. മതനേതാക്കള്‍ക്ക് നിര്‍ദേശം നല്‍കാന്‍ കഴിയും. അത് പാലിക്കണമോ എന്ന് തീരുമാനിക്കേണ്ടത് വ്യക്തികളാണെന്നൂം അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group