കണ്ണൂര്‍:സ്കൂളില്‍ പോകാതെ കറങ്ങി നടക്കുന്ന കുട്ടികളെ കണ്ടെത്തി അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും ശ്രദ്ധയില്‍പ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കോര്‍പ്പറേഷന്‍ പരിധിയില്‍ വാച്ച് ടു ചില്‍ഡ്രണ്‍ പദ്ധതിയുമായി കണ്ണൂര്‍ പൊലീസ്.
എ.സി.പി കണ്ണൂര്‍,വനിതാസെല്‍ സി.ഐ എസ്.സുധ,വനിത എസ്.ഐ ,എ.ആര്‍ ക്യാമ്ബ്, ജനമൈത്രി എന്നിവിടങ്ങിലെ വനിതാ ഉദ്യോഗസ്ഥര്‍ , പിങ്ക് പൊലീസ് ,കോര്‍പ്പറേഷന്‍ പരിധിയിലും തൊട്ടടുത്തുമുള്ള സ്കൂളുകളിലെ പ്രധാനാദ്ധ്യാപകര്‍,എന്നിവരടങ്ങുന്ന ഒരു വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് വാച്ച് ടു ചില്‍ഡ്രണ്‍ പദ്ധതിയുടെ നടത്തിപ്പ് .നേരത്തെ വിവരമറിയിക്കാതെ സംശയാസ്പദമായ സാഹചര്യത്തില്‍ ലീവെടുക്കുന്ന വിദ്യാത്ഥികളെ കുറിച്ചും സംശയാസ്പദമായി നേരത്തെ വരികയും നേരത്തെ പോവുകയും ചെയ്യുന്ന കുട്ടികളെ കുറിച്ചും ഗ്രൂപ്പില്‍ അറിയിക്കുകയെന്നതാണ് പ്രധാനദ്ധ്യാപകരുടെ ഉത്തരവാദിത്വം.മയക്കുമരുന്നിന് അടിമപ്പെടാന്‍ സാധ്യതയുള്ളതും അത്തരം കൂട്ടുകെട്ടില്‍പ്പെടുന്ന കുട്ടികളുണ്ടെങ്കില്‍ അവരുടെ വിവരവും ഈ വാട്സ് ആപ്പ് ഗ്രൂപ്പില്‍ കൈമാറണം.ആരാണ് ഈ വിവരങ്ങള്‍ നല്‍കിയതെന്ന് വെളിപ്പെടുത്താതെ തന്നെ പൊലീസ് ഈ കുട്ടികളുടെ വീട്ടിലും പരിസരപ്രദേശങ്ങളിലും അന്വേഷണം നടത്തും .ആദ്യഘട്ടത്തില്‍ രക്ഷിതാക്കളെ വിവരമറിയിക്കുകയും ബോധവത്ക്കരിക്കുകയും ചെയ്യും.
യൂണിഫോമില്‍ കറങ്ങേണ്ട
സ്കൂള്‍ നാല് മണിക്ക് വിട്ടു കഴിഞ്ഞാലും ഇരുട്ടുംവരെ വിദ്യാര്‍ത്ഥികള്‍ യൂണിഫോണില്‍ നഗരത്തില്‍ മാളുകളിലും സിനിമാടാക്കീസുകളിലും ചുറ്റുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് എ.സി.പി പറഞ്ഞു.ആദ്യഘട്ടത്തില്‍ കോര്‍പ്പറേഷന്‍ പരിധിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്.മാളുകളിലും പ്രധാന കേന്ദ്രങ്ങളിലും പരിശോധന നടത്തും.മഫ്ടിയിലായിരിക്കും പൊലീസ് സംഘം .സ്കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി മാളുകളിലും നഗരത്തില്‍ പലയിടത്തുമായി ചുറ്റിക്കറങ്ങുന്ന കുട്ടികളും നേരത്തെ തന്നെ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.സുഹൃത്തുക്കളെ കൊണ്ട് രക്ഷിതാവാണെന്ന വ്യാജേന അദ്ധ്യാപകരെ വിളിച്ച് തെറ്റിദ്ധരിപ്പിച്ച് ലീവെടുക്കുന്ന പ്രവണതയും കുട്ടികളില്‍ കാണുന്നുണ്ട്.ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കുന്നതിനെല്ലാമാണ് പുതിയ നീക്കം.
Post a Comment