തലശേരി: ഫുട്‌ബോള്‍ കളിക്കുന്നതിനിടെ വീണുപരുക്കേറ്റ വിദ്യാര്‍ത്ഥിക്ക് ചികിത്‌സാ പിഴവുകാരണം ഒരു കൈനഷ്ടപ്പെട്ട സംഭവത്തില്‍ ഡോക്ടറെ ന്യായീകരിച്ചു കൊണ്ടു ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
കണ്ണൂര്‍ ഡെപ്യൂട്ടി ഡി. എം.ഒയാണ്ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസിന് സംഭവത്തെ കുറിച്ചു അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കഴിഞ്ഞ മാസം 30ന് തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്‌സ തേടിയ പതിനേഴുകാരന്‍ സുല്‍ത്താന്റെ കൈയ്യാണ് മുറിച്ചു മാറ്റേണ്ടിവന്നത്.സംഭവത്തില്‍ പിതാവിന്റെ പരാതിയില്‍ കുട്ടിയെ ചികിത്‌സിച്ച അസ്ഥിരോഗവിദഗ്ദ്ധന്‍ ഡോക്ര്‍ വിജുമോനെതിരെ പൊലിസ് കേസെടുത്തിരുന്നു. കണ്ണൂര്‍ ഡെപ്യൂട്ടി ഡി. എം.ഒ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഡോക്ടര്‍ക്ക് പിഴവില്ലെന്നു വ്യക്തമാക്കിയിരിക്കുന്നത്. കുട്ടിയുടെ കൈയ്യിലേക്ക് രക്തയോട്ടം നിലയ്ക്കുന്ന സാഹചര്യമുണ്ടായിരുന്നുവെന്നും ഇതാണ് സ്ഥിതി സങ്കീര്‍ണമാക്കിയതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സമാനസാഹചര്യങ്ങളില്‍ രക്തയോട്ടം നിലയ്ക്കുന്നതു സാധാരണയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഡി. എച്ച്. എസില്‍ നിന്നുള്ള പ്രത്യേക സംഘം പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്.സംഭവം വിവാദമായതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രിയും അന്വേഷണം പ്രഖ്യാപിച്ചിരുന്നു.കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് വിശദാംശങ്ങള്‍ തേടിയത്.
Post a Comment