കോഴിക്കോട്: ലോഡ്ജിൽ തടങ്കലിൽ പാർപ്പിച്ച പതിനാറുകാരിയെ പൊലീസ് മോചിപ്പിച്ചു. കോഴിക്കോട് സിറ്റി പൊലീസ് നടത്തിയ മിന്നൽ പരിശോധനയാണ് കൗമാരക്കാരിക്ക് രക്ഷയായത്. സംഭവത്തിൽ മലപ്പുറം തിരൂരങ്ങാടി സ്വദേശി ഉസ്മാനെ അറസ്റ്റ് ചെയ്തു. ലഹരി വേട്ട ഉൾപ്പെടെ ലക്ഷ്യമിട്ടാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം നഗരത്തിൽ മിന്നൽ പരിശോധനയ്ക്ക് ഇറങ്ങിയത്. റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജിലും പൊലീസ് സംഘം പരിശോധനയ്ക്ക് കയറി. ഇതിനിടെയാണ് മുറിക്കുള്ളിൽ പൂട്ടിയിട്ട നിലയിൽ പതിനാറുകാരിയെ കണ്ടെത്തിയത്.
വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങിയ കുട്ടി, കണ്ണൂരിലെ ബന്ധുവീട്ടിലേക്ക് പോകാൻ വെള്ളിയാഴ്ച രാത്രി റെയിൽവേ സ്റ്റേഷനിലെത്തുകയായിരുന്നു. കയ്യിൽ പൈസ ഇല്ലാതെ വിഷമിച്ചിരുന്ന കുട്ടിയെ പ്രതി ഉസ്മാൻ കണ്ടു. ബന്ധുക്കളുടെ അടുത്ത് എത്തിക്കാമെന്ന് വിശ്വസിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി, തൊട്ടടുത്ത ലോഡ്ജിലെ മുറിയിൽ എത്തിച്ച് അടച്ചിട്ടു. ഇന്ന് പുലർച്ചെ മിന്നൽ പരിശോധനയുടെ ഭാഗമായി എത്തിയ പൊലീസ് സംഘമാണ് കുട്ടിയെ രക്ഷിച്ചത്. അറസ്റ്റിലായ ഉസ്മാനെ റിമാൻഡ് ചെയ്തു. കുട്ടിക്ക് കൗൺസിലിംഗ് നൽകിയ ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയക്കും.
Post a Comment