കണ്ണൂരിൽ കാറിൽ ചാരിനിന്നതിന് കാർ ഉടമയുടെ ആക്രമണത്തിന് ഇരയായ ഗണേഷ് എന്ന ബാലന്റെ വാർത്ത നെഞ്ചിൽ ഒരു പിടച്ചിലോടുകൂടിയെ പലർക്കും കേൾക്കാൻ സാധിച്ചുള്ളൂ. രാജസ്ഥാനിൽ നിന്നുള്ള വഴിവാണിഭക്കാരായ കുടുംബത്തിലെ അംഗമാണ് ഈ ആറ് വയസ്സുകാരൻ. കുട്ടിയെ മർദിക്കുന്ന സി.സി.ടി.വി. രംഗങ്ങൾ പുറത്തു വന്നിരുന്നു. കുട്ടിയെ ആക്രമിച്ച ഷിഷാദ് എന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
ഗണേഷിനെ തേടി ഒരു സമ്മാനപ്പൊതി ആലപ്പുഴ കളക്ട്രേറ്റിൽ കൊറിയർ വഴി വരികയുണ്ടായി. ഉള്ളിൽ നോട്ട്ബുക്കുകൾ, ചോക്ലേറ്റ്, കളിപ്പാട്ടങ്ങൾ, പേന, ക്രയോൺസ് എന്നിവയുണ്ടായിരുന്നു. തുറന്നു നോക്കിയ കളക്ടർ കൃഷ്ണ തേജ ആ പൊതി തന്റെ സുഹൃത്തുക്കൾ വഴി ഗണേഷിനെത്തിച്ചു. വൈക്കം നേരേകടവ് ഗവൺമെന്റ് എൽ.പി. സ്കൂളിലെ മുന്നാം ക്ലാസ് വിദ്യാർത്ഥി നിഥിൻ മനോജാണ് ഇങ്ങനെയൊരു സമ്മാനത്തിന് പിന്നിൽ. സമ്മാനപ്പൊതി ഇവിടെ എത്താനുണ്ടായ കാരണം സഹിതം കളക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ പരാമർശിച്ചു.
കഴിഞ്ഞ ആഴ്ച വളരെ തിരക്കുള്ള ദിവസങ്ങൾ ആയിരുന്നു. ഒരു ദിവസം ഓഫീസിൽ നിന്ന് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് ഒരു കൊറിയർ ലഭിക്കുന്നത്. കൊറിയർ തുറന്ന് നോക്കിയ ഞാൻ വളരെ ആശ്ചര്യപ്പെട്ടു. നോട്ട്ബുക്കുകൾ, ചോക്ലേറ്റ്, കളിപ്പാട്ടങ്ങൾ, പേന, ക്രയോൺസ്, തുടങ്ങിയവയാണ് അതിൽ ഉണ്ടായിരുന്നത്. എന്തുകൊണ്ടാണിത് എനിക്ക് അയച്ചതെന്ന് ഓർത്ത് ഞാൻ അത്ഭുതപ്പെട്ടു. എന്നാൽ ഇതിൻറെ ഒപ്പമുണ്ടായിരുന്ന കത്ത് വായിച്ചപ്പോഴാണ് എനിക്ക് കാര്യങ്ങൾ മനസ്സിലായത്.
കണ്ണൂരിൽ ഈ അടുത്ത് അതിക്രമത്തിന് ഇരയായ ഗണേഷ് എന്ന മോന് നൽകാനായി വൈക്കം നേരേകടവ് ഗവൺമെന്റ് എൽ.പി. സ്കൂളിലെ മുന്നാം ക്ലാസ് വിദ്യാർത്ഥി നിഥിൻ മനോജാണ് ഗണേഷിൻറെ വിലാസം അറിയാത്തതിനാൽ ഈ സമ്മാനപ്പൊതി ഗണേഷിന് നൽകാനുള്ള ഉത്തരവാദിത്വത്തോടെ എന്നെ ഏൽപിച്ചത്. എന്റെ സുഹൃത്തുകൾ വഴി കഴിഞ്ഞ ദിവസം ഈ സമ്മാനപ്പൊതി കൃത്യമായി ഗണേഷിന്റെ അമ്മയെ ഏൽപ്പിച്ചിട്ടുണ്ട്.
തനിക്ക് അറിയുക പോലുമില്ലാത്ത ഒരാൾക്ക് പഠിക്കാനും കളിക്കാനും വേണ്ടി സമ്മാനം നൽകാനുള്ള ഈ കൊച്ചു മനസ്സ് എന്നെയും കളക്ടറേറ്റിലെ എല്ലാ ജീവനക്കാരെയും ഒരേപോലെ അത്ഭുതപ്പെടുത്തി.
നിഥിൻ മോൻ നമുക്ക് എല്ലാവർക്കും ഒരു മാതൃകയാണ്. ഈ മോന്റെ മനസ്സിനെ അഭിനന്ദിക്കാതിരിക്കാനാവില്ല. ഈ മോനെ ചെറിയ പ്രായത്തിൽ തന്നെ ഇത്തരം സമൂഹിക പ്രതിബദ്ധത പഠിപ്പിച്ച മാതാപിതാക്കളും അധ്യാപകരും പ്രത്യേക അഭിനന്ദനം അർഹികുന്നു. എന്റെ എല്ലാ കുഞ്ഞ് മക്കളും ഇത്തരത്തിൽ നല്ല മക്കളായി വളരണം കേട്ടോ.. ഒരുപാട് സ്നേഹത്തോടെ
Post a Comment