Join News @ Iritty Whats App Group

ആമസോണ്‍ അക്കാദമി ഇന്ത്യ വിടുന്നു; വിദ്യാര്‍ത്ഥികള്‍ക്ക് പണം തിരിച്ചു നല്‍കും


രാജ്യത്തെ എഡ്‌ടെക് പ്ലാറ്റ്‌ഫോമായ തങ്ങളുടെ സഹോദര സ്ഥാപനത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ആമസോണ്‍ കമ്പനി. 2023 ഓഗസ്റ്റ് മുതല്‍ കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തിക്കില്ല. ഇപ്പോഴത്തെ അക്കാദമിക് ബാച്ചില്‍ പ്രവേശനം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മുഴുവന്‍ പണവും തിരിച്ച് നല്‍കുമെന്നും കമ്പനി വ്യക്തമാക്കി.

കഴിഞ്ഞ മാസം തന്നെ കമ്പനി പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന സൂചന തൊഴിലാളികള്‍ക്ക് ലഭിച്ചിരുന്നു. നിലവിലെ ഉപഭോക്താക്കളുടെ താത്പര്യം കൂടി സംരക്ഷിക്കാനുറച്ച് ഘട്ടംഘട്ടമായാവും കമ്പനി ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുക. 2024 ഒക്ടോബര്‍ വരെ സ്റ്റഡി മെറ്റീരിയലുകള്‍ ഓണ്‍ലൈനായി ഉപഭോക്താക്കള്‍ക്ക് കിട്ടും. എന്നാല്‍ ഇതിന് തുക ഈടാക്കില്ല.

കോവിഡ് കാലത്ത് വിര്‍ച്വല്‍ ലേണിംഗിന് പ്രാധാന്യം ഏറി വന്നപ്പോഴാണ് 2021 ജനുവരി മാസത്തില്‍ ആമസോണ്‍ അക്കാദമി ആരംഭിക്കുന്നത്. ജെ.ഇ.ഇ പരീക്ഷകള്‍ക്കുള്ള കോച്ചിങ്ങും ആമസോണ്‍ അക്കാദമി നല്‍കിവന്നിരുന്നു. കൊവിഡിനെ തുടര്‍ന്ന് ശക്തമായ ഇന്ത്യയിലെ എഡ്‌ടെക് സെക്ടറില്‍ കാലൂന്നുകയെന്ന ലക്ഷ്യമായിരുന്നു കമ്പനിക്ക്. ബൈജൂസ്, അണ്‍അക്കാദമി, വേദാന്തു തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ക്ക് വലിയ വെല്ലുവിളിയായിരുന്നു ആമസോണിന്റെ വരവ്.

ലോക്ഡൗണ്‍ കാലം കഴിഞ്ഞത് മുതല്‍ ഓണ്‍ലൈന്‍ ലേണിംഗ് പ്ലാറ്റ്‌ഫോമുകളിലെല്ലാം പ്രതിസന്ധി രൂക്ഷമാണ്. ഇക്കൂട്ടത്തില്‍ മുന്‍നിരയിലുള്ള ബൈജൂസ് 2500 ഓളം ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനം എടുത്തിരുന്നു. മറ്റു പ്രമുഖ ഓണ്‍ലൈന്‍ ലേണിങ് പ്ലാറ്റ്‌ഫോമുകളായ അണ്‍അക്കാദമി, വേദാന്തു, വൈറ്റ്ഹാറ്റ് ജൂനിയര്‍ എന്നിവയുടെയും സ്ഥിതി ഇതുതന്നെയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group