Join News @ Iritty Whats App Group

കത്ത് വിവാദം മൂന്നാം ദിവസവും;മേയര്‍ ആര്യ രാജേന്ദ്രനെതിരെ പ്രതിഷേധം കത്തുന്നു; മഹിളാ മോര്‍ച്ചയ്‌ക്കെതിരെ ജലപീരങ്കി



തിരുവനന്തപുരം: കോര്‍പറേഷനിലെ താത്ക്കാലിക നിയമനത്തിന് കത്ത് നല്‍കിയെന്ന് വിവാദം മൂന്നാം ദിവസവും കത്തുന്നു. മേയര്‍ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ കോര്‍പറേഷനിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ബാരിക്കേഡിനു മുകളില്‍ കയറി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കോര്‍പറേഷന്‍ ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മൂന്നു തവണയാണ് ജലപീരങ്കി പ്രയോഗിച്ചത്.

ഇതിനിടെ രണ്ട് പ്രവര്‍ത്തകര്‍ കോര്‍പറേഷന്റെ മതില്‍ ചാടിക്കടന്ന് വളപ്പില്‍ കടന്നു. ഇവരെ തടയാന്‍ പോലീസ് ശ്രമിക്കുന്നതിനിടെ മതില്‍ പൊളിഞ്ഞുകിടന്ന ഭാഗത്തുകൂടി കൂടുതല്‍ പ്രവര്‍ത്തകര്‍ കോര്‍പറേഷന്‍ വളപ്പില്‍ കടന്നു. ഓഫീസിന്റെ കവാടത്തില്‍ കയറി മുദ്രാവാക്യം വിളിച്ചു.

ഓഫീസിനുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചവരെ പോലീസ് പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. ഇത് നടക്കാതെ വന്നതോടെ ഷീല്‍ഡും ലാത്തിയും ഉപയോഗിച്ച് പ്രവര്‍ത്തകരെ പുറത്തേക്ക് തള്ളിമാറ്റുകയാണ്.

നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് കോര്‍പറേഷന്‍ വളപ്പില്‍ കുഴികളും മണ്ണ് കുഴച്ചിട്ടിരിക്കുന്നതും പോലീസിന് വലിയ വെല്ലുവിളിയായി. ഇതിനിടെ, പ്രവര്‍ത്തകര്‍ വളപ്പില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എന്തുവന്നാലും മേയറുടെ ഓഫീസില്‍ കയറി പ്രതിഷേധിക്കുമെന്നാണ് മഹിളാ മോര്‍ച്ച പ്രവര്‍ത്തികര്‍ പറയുന്നത്.

പോലീസ് തടയാന്‍ ശ്രമിക്കുമ്പോഴും പ്രവര്‍ത്തകര്‍ അത് മറികടന്ന് ഓഫീസിനുള്ളിലേക്ക് പോകാന്‍ ശ്രമിക്കുകയാണ്. കോര്‍പറേഷന്റെ പ്രധാന ഗേറ്റിനു മുന്നില്‍ മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

പ്രവര്‍ത്തകരെ നേരിടാന്‍ ആവശ്യത്തിന് വനിതാ പോലീസ് ഇല്ലാതെ വന്നതാണ് ഉപരോധം മറികടക്കാന്‍ ഇടയാക്കിയത്. വനിത പോലീസില്‍ കുറച്ചുപേരെ മേയറുടെ സുരക്ഷയ്ക്ക് നിയോഗിച്ചതും പ്രതിഷേധം കണക്കിലെടുത്ത് പല ഭാഗത്തായി ഡ്യൂട്ടിക്ക് നിയോഗിച്ചതുമാണ് വളപ്പിലേക്ക് പ്രവര്‍ത്തകര്‍ ചാടിക്കയറുമ്പോള്‍ തടയാന്‍ കഴിയാതെ വന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group