ഇരിട്ടി: കീഴൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടന്നു വരുന്ന ശ്രീമദ് ഭാഗവത സപ്താഹത്തിന്റെ അഞ്ചാം ദിവസമായ വെള്ളിയാഴ്ച ഉണ്ണിയൂട്ടും രുഗ്മിണീ സ്വയംവരഘോഷയാത്രയും നടന്നു. ഉച്ചയോടെ നടന്ന ഉണ്ണിയൂട്ടിൽ കൃഷ്ണവേഷധാരികളായ നിരവധി കുട്ടികൾ പങ്കെടുത്തു. ഇവർക്ക് മുൻപിൽ ഇലയിൽ വിളമ്പിയ ഊണ് അമ്മമാർ ഉണ്ണിക്കണ്ണമാർക്ക് നൽകി. വൈകുന്നേരം നടന്ന രുഗ്മിണീ സ്വയംവര ഘോഷയാത്രയിലും നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. സപ്താഹത്തിന്റെ ആറാം ദിവസമായ ശനിയാഴ്ച വൈകുന്നേരം 6.30 ന് സർവൈശ്വര്യ പൂജ നടക്കും.
തിരുവനന്തപുരം ഗവ. സംസ്കൃത കോളേജ് വൈസ് പ്രിൻസിപ്പാളും ഭാഗവത ഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ ശിഷ്യനുമായ പൈതൃക രത്നം ഡോ. കെ. ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ . ഭാഗവത സപ്താഹവേദിയിൽ വൻ ഭക്തജന പങ്കാളിത്തമാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. ഞായറാഴ്ച ഉച്ചയോടെ സപ്താഹം സമാപിക്കും.
Post a Comment