ഇരിട്ടി: ആറളം ഫാമിൽ ആദിവാസികളെ മുൻനിർത്തി സി പി എം തീവെട്ടിക്കൊള്ള നടത്തുകയാണെന്ന് ബി ജെ പി ദേശീയ സമിതി അംഗം പി.കെ. കൃഷ്ണനദാസ് പറഞ്ഞു. ആറളം ഫാമിൽ ആനമതിൽ നിർമ്മിക്കും വരെ സമരം എന്ന ബി ജെ പി യുടെ സമര പ്രഖ്യാപനത്തിന്റെ ഭാഗമായി പാർട്ടി പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറളം ഫാമിൽ നിന്നും ഇരിട്ടി താലൂക്ക് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു കൃഷ്ണദാസ്. കാട്ടാനകളുടെ ചവിട്ടേറ്റ് ആദിവാസികൾ മരിച്ചു വീഴുമ്പോഴും പാഴ് വാഗ്ദാനങ്ങളും മുതലക്കണ്ണീരുമൊഴുക്കി മുതലെടുപ്പ് നടത്തുകയാണവർ. ആദിവാസികളുടെ പേരുപറഞ്ഞ് കഴിഞ്ഞ കാലങ്ങളിൽ മേഖലയിൽ നടത്തിയ വികസന പ്രവർത്തനങ്ങളെക്കുറിച്ച് ജുഡീഷ്വൽ അന്വേഷണം നടത്തണം. ആറളം ഫാമിനെ കാട്ടാനകളിൽ നിന്നും ഇത്തരം താപ്പാനകളിൽ നിന്നും രക്ഷിക്കുംവരെ ബി ജെ പി സമര രംഗത്ത് ഉണ്ടാകും. മക്കളേയും മരുമക്കളേയും കൂട്ടി ലോകം ചുറ്റുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം ജില്ലയിലെ ആദിവാസി കുടുംബങ്ങൾ അനുഭവിക്കുന്ന ദുരിതം കാണുന്നതിനും സമയം കണ്ടെത്തണം. പൊന്നു വിളഞ്ഞ ആറളം ഫാമിലെ കാർഷിക മേഖലയെ ശവപ്പറമ്പാക്കിമാറ്റിയതിൽ മുഖ്യപങ്ക് സി പി എമ്മിനാണെന്നും സംരക്ഷിക്കാനറിയില്ലെങ്കിൽ ആറളം ഫാം കേന്ദ്ര സർക്കാരിന് തന്നെ തിരിച്ചു നൽകണമെന്നും ആദ്ദേഹം പറഞ്ഞു.
'ഞങ്ങളുണ്ട് കൂടെ , ആനമതിൽ പണിയൂ - മനുഷ്യജീവൻ രക്ഷിക്കൂ' എന്ന മുദ്രാവാക്യമുയർത്തി ബി ജെ പി ജില്ലാ ജനറൽ സിക്രട്ടറി എം.ആർ. സുരേഷ് നയിച്ച പ്രതിഷേധ മാർച്ച് വ്യാഴാഴ്ച ആറളംഫാമിലെ വളയംചാലിൽ നിന്ന് ആരംഭിച്ച് കീഴ്പ്പള്ളിയിൽ സമാപിച്ചിരുന്നു. വെള്ളിയാഴ്ച്ച രാവിലെ എടൂർ കാരാപറമ്പിൽ നിന്നും ആരംഭിച്ച മാർച്ച് ഇരിട്ടി താലൂക്ക് ഒഫീസിന് മുന്നിൽ വെച്ച് പോലീസ് തടഞ്ഞു. മാർച്ച് ഉദ്ഘാടനത്തിനും നേതാക്കളുടെപ്രസംഗത്തിനും ശേഷം ഒരു സഘം പ്രവർത്തകർ താലൂക്ക ഒഫീസിലേക്ക് ബാരിക്കോട് മറികടന്ന് മുന്നോട്ട് നീങ്ങാൻ നടത്തിയ ശ്രമം നേരിയ സംഘർഷത്തിലേക്ക് നയിച്ചു. പ്രവർത്തകൾ ബാരിക്കോട് തള്ളി മാറ്റുന്നത് പോലീസ് ബലം പ്രയോഗിച്ച് തടഞ്ഞു. പത്ത് മിനുട്ട് നേരം പ്രവർത്തകരും പോലീസും ബാരിക്കേടിന് ഇരുവശത്തുമായി ബാലാബലമായി നീങ്ങിയത് സംഘർഷം ഉണ്ടാകുമെന്ന ആശങ്കയുണ്ടാക്കി. ഇരിട്ടി സി.ഐ കെ.ജെ ബിനോയിയുടെ നേതൃത്വത്തിൽ പോലീസ് സമാധനപരമായി പ്രവർത്തകരെ പിൻതിരിപ്പിക്കാൻ ശ്രമം നടത്തി . പാർട്ടിയുടെ മുതിർന്ന നേത്താക്കളും പോലീസിനും പ്രവർത്തകർക്കും ഇടയിൽ നിന്നും സമാധനത്തിനായി നിലയുറപ്പിച്ചതോടെയാണ് സംഘർഷം ഒഴിവായത്.
മണ്ഡലം പ്രസിഡന്റ് സത്യൻ കൊമ്മേരി അധ്യക്ഷതവഹിച്ചു. ബി ജെ പി ജില്ലാ കമ്മിറ്റി അംഗം പി. കൃഷ്ണൻ, ബി ഡി ജെ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്യാട്ട്, വി.വി. ചന്ദ്രൻ, ബിജു എളക്കുഴി, ആർ എസ് എസ് വിഭാഗ് കാര്യകാരി സദസ്യൻ കെ.സജീവൻ ആറളം, സഹ ജാഥാ ലീഡർ എസ് ടിമോർച്ച ജില്ലാ ഉപാധ്യക്ഷ എം.ആർ. മിനി, എസ് ടി മോർച്ച ജില്ലാ പ്രസിഡന്റ് കെ. സജേഷ്, എസ് സി മോർച്ച ജില്ലാ പ്രസിഡന്റ് ഇ.പി. ബിജു, ന്യൂനപക്ഷമോർച്ച ജില്ലാ ജനറൽ സിക്രട്ടറി ജോസ് എ വൺ, ആർ എസ് പി യൂണൈറ്റഡ് സംസ്ഥാന സെക്രട്ടറി ബി.ഡി. ബിന്റോ, ന്യൂനപക്ഷമോർച്ച മണ്ഡലം ജന.സെക്രട്ടറി ബേബി ജോസഫ്, കെ. ശിവശങ്കരൻ, അജേഷ് നടുവനാട്,സി. രജീഷ്, സന്തോഷ് കീച്ചേരി, മനോഹരൻ വയോറ, പി.വി. അജയകുമാർ, പ്രിജേഷ് അളോറ, കെ. ജയപ്രകാശ്, എം. സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
Post a Comment