ശിവസേനാ നേതാവ് സൂധീര്‍ സൂരി കൊല്ലപ്പെട്ടു. പഞ്ചാബിലെ അമൃത്സറില്‍ ധര്‍ണയില്‍ പങ്കെടുക്കുന്നതിനിടെ ആള്‍ക്കൂട്ടത്തിലൊരാള്‍ സൂധീര്‍ സൂരിക്കിനെ വെടിവെക്കുകയായിരുന്നു. സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയിലായെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു.
ഗോപാല്‍ ക്ഷേത്രത്തിന് സമീപം മജീത റോഡില്‍ ക്ഷേത്രത്തിന് പുറത്ത് പ്രതിഷേധിക്കുന്നതിനിടെയാണ് സൂരിയെ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ വെടിയുതിര്‍ത്തത്. സൂരിയുടെ വിദ്വേഷ പ്രസംഗങ്ങള്‍ നേരത്തെ വിവാദമായിരുന്നു.
സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്. സൂരിയെ അനുയായികള്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതു വീഡിയോയില്‍ കാണാം.
സുധീര്‍ സൂരി ക്ഷേത്ര പരിസരത്ത് വിഗ്രഹങ്ങളെ അവഹേളിക്കുന്നതിനെതിരെ പ്രതിഷേധിക്കാന്‍ എത്തിയതായിരുന്നു. തകര്‍ന്ന ചില വിഗ്രഹങ്ങള്‍ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞതറിഞ്ഞത് ചൂണ്ടിക്കാട്ടിയാണ് സൂരി ക്ഷേത്രത്തില്‍ കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചത്.
ഒരു പ്രത്യേക സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഈ വര്‍ഷം ജൂലൈയില്‍ അറസ്റ്റിലായ സുധീര്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഒരു പ്രത്യേക സമുദായത്തിനെതിരെ അപകീര്‍ത്തികരമായ പദപ്രയോഗം നടത്തിയതിനായിരുന്നു അറസ്റ്റ്.
Post a Comment