ഗുരുവായൂർ: കുട്ടികളുമായി പാർക്കിലെത്തിയ കുടുംബത്തിലെ ഒരു വയസുള്ള കുട്ടിക്ക് തട്ടുകടയിൽനിന്ന് വെള്ളമെന്ന് കരുതി കുടിക്കാൻ നൽകിയത് മണ്ണെണ്ണ. കുട്ടിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം വൈകുന്നേരം പോർക്കുളം സ്വദേശികളായ അനൂപ്, ഭാര്യ നവീന എന്നിവരും ഒന്നും മൂന്നും വയസുള്ള കുട്ടികളുമായാണ് പാർക്കിലെത്തിയത്.
പാർക്കിൽ നിന്ന് ഇറങ്ങിയ ശേഷം നഗരസഭ ഓഫീസിന് മുന്നിലെ തട്ടുകടയിൽനിന്ന് ലഘു ഭക്ഷണം കഴിച്ചു. തുടർന്ന് കുട്ടി വെള്ളമാവശ്യപെട്ടപ്പോൾ തട്ടുകടയിലെ സ്ത്രീ സ്റ്റീൽ ഗ്ലാസ് കഴുകി കുപ്പിയിലുണ്ടായിരുന്ന മണ്ണെണ്ണ വെള്ളമെന്ന് കരുതി നൽകി.
ഒരു വയസുകാരൻ കുടിച്ചു. പിന്നീട് മൂന്ന് വയസുകാരൻ കുടിക്കാൻ തുടങ്ങിയപ്പോൾ മണവ്യത്യാസം അമ്മയെ അറിയിച്ചു.കുട്ടി കുടിച്ചത് മണ്ണെണ്ണയാണെന്ന് ബോധ്യമായതോടെ തൊട്ടടുത്ത നഗരസഭയുടെ പ്രഥമ ശുശ്രൂഷ കേന്ദ്രത്തിൽ എത്തി.
ഉടൻതന്നെ കുട്ടിയെ മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിൽ എത്തിച്ചു. തീപ്രപരിചരണ വിഭാഗത്തിൽ പ്രവേശിച്ചിരുന്ന കുട്ടിയെ ഇന്നലെ റൂമിലേക്ക് മാറ്റി.
Post a Comment