പാലക്കാട്: പാലക്കാട് അലനല്ലൂരില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂളിന്റെ മൂന്നാം നിലയില്‍ കെട്ടിയിട്ട സംഭവം വിദ്യാർത്ഥിനി വീട്ടുകാരെ ഭയപ്പെടുത്താൻ സ്വയം ചെയ്തതെന്ന് പൊലീസ്. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് അലനല്ലൂരിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന പരാതിയുമായി രക്ഷിതാക്കൾ സ്കൂളിലെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ സ്കൂള്‍ കെട്ടിടത്തിൻറെ മൂന്നാം നിലയിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തി.
രണ്ടു പേർ ചേർന്ന് സ്കൂളിന്റെ മൂന്നാം നിലയിൽ എത്തിച്ച് കൈകൾ കെട്ടിയിട്ടു എന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. എന്നാൽ പെൺകുട്ടിയുടെ ശരീരത്തിൽ ബലപ്രയോഗം നടന്നതിന്റെ പാടുകൾ ഉണ്ടായിരുന്നില്ല. കയ്യിലുണ്ടായിരുന്ന പണം എടുക്കാൻ വേണ്ടിയാണ് രണ്ടു പേർ മുഖം പൊത്തി കൈകൾ കെട്ടിയിട്ടതെന്ന് പെൺകുട്ടി ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ മൊഴിയിൽ സംശയമുണ്ടെന്ന് വീട്ടുകാർ തന്നെ പൊലീസിനോട് പറയുകയായിരുന്നു.
ഇതോടെയാണ് പൊലീസ് വീണ്ടും മൊഴിയെടുത്തത്. മൊബൈൽ ഫോൺ കൊടുക്കാത്തതിന് വീട്ടുകാരുമായി പിണങ്ങിയാണ് പെൺകുട്ടി സ്കൂളിലെത്തിയിരുന്നത്. രാവിലെ ഭക്ഷണം കഴിച്ചിരുന്നില്ല. വീട്ടിൽ നിന്നും കൊടുത്തയച്ച ഉച്ചഭക്ഷണവും കഴിച്ചില്ല. ഇതിനിടെ അടുത്ത രണ്ടു സുഹൃത്തുക്കൾ പിണങ്ങിയതും കുട്ടിയെ വേദനിപ്പിച്ചു. ഇതോടെയാണ് വീട്ടുകാരെയും കൂട്ടുകാരെയും ഭയപ്പെടുത്താൻ ഷാളുപയോഗിച്ച് സ്വയം കൈ കൂട്ടി കെട്ടിയതെന്ന് പെൺകുട്ടി മൊഴി നൽകിയത്.
Post a Comment