Join News @ Iritty Whats App Group

ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതിയുടെ ഭാഗമായുള്ള സിറ്റി ഗ്യാസ്‌ ഗാര്‍ഹിക കണക്ഷനുകള്‍ കണ്ണൂർ ജില്ലയിലും ലഭ്യമായി തുടങ്ങി


കണ്ണൂർ: ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതിയുടെ ഭാഗമായുള്ള സിറ്റി ഗ്യാസ്‌ ഗാര്‍ഹിക കണക്ഷനുകള്‍ ജില്ലയിലും ലഭ്യമായി.

കൂടാളി പഞ്ചായത്തില്‍ മൂന്ന്‌ വീട്ടിലാണ്‌ കണക്‌ഷന്‍ ലഭിച്ചത്‌. കൂടാളിയില്‍ ഇരുനൂറ്റമ്ബതോളം പേരാണ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. പൈപ്പുകള്‍ വഴി വീടുകളില്‍ നേരിട്ട് പാചകവാതകം എത്തിക്കുന്നതാണ്‌ സിറ്റി ഗ്യാസ്‌ പദ്ധതി.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഗ്യാസ് വിതരണം ചെയ്യുന്നതിനുള്ള സിറ്റി ഗ്യാസ് സ്‌റ്റേഷന്‍ കൂടാളിയിലാണ്. സ്‌റ്റേഷനു സമീപത്തെ വീടുകളിലാണ് ആദ്യം പാചകവാതകം എത്തിക്കുന്നത്‌. പ്രതിദിനം ചുരുങ്ങിയത്‌ അഞ്ചുവീടുകളിലെങ്കിലും പാചകവാതകമെത്തിക്കുന്നതിനാണ്‌ ലക്ഷ്യമിടുന്നത്‌. കൂടാളിയില്‍ 250 ഓളം വീടുകളില്‍ പ്ലംബിങ്‌ പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്‌. ഇവര്‍ക്കെല്ലാം ഈ മാസത്തോടെ കണക്‌ഷന്‍ ലഭ്യമാകും.

കോര്‍പ്പറേഷന്‍ പരിധിയില്‍ ഉള്‍പ്പെടുന്ന കൂടാളിയുടെ സമീപ പ്രദേശങ്ങളിലും കണക്‌ഷന്‍ ലഭ്യമാക്കുന്നതിന്‌ നടപടി പുരോഗമിക്കുന്നുണ്ട്‌. കോര്‍പ്പറേഷനിലെ എട്ട്‌ ഡിവിഷനുകളിലാണ്‌ ആദ്യഘട്ടത്തില്‍ കണക്‌ഷന്‍ നല്‍കുക. ഇതിന്‌ അനുമതി ലഭിച്ചാലുടന്‍ കണക്‌ഷനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

സുരക്ഷിതമായ പോളി എത്തിലിന്‍ പൈപ്പുകള്‍ ഉപയോഗിച്ചാണ് സിറ്റി ഗ്യാസ്‌ പദ്ധതിയില്‍ വീടുകളില്‍ പാചകവാതകം എത്തിക്കുക. വീടുകളില്‍ കണക്ഷന്‍ എടുക്കുന്നതിന്‌ നിശ്ചിത തുക അടയ്‌ക്കണം. സബ്‌സിഡി ഇല്ലാത്ത ഗ്യാസിനേക്കാള്‍ 20 ശതമാനത്തോളം വിലക്കുറവിലാണ്‌ പാചകവാതകം ലഭിക്കുക. ഉപയോഗത്തിനനുസരിച്ചാണ്‌ മാസം പണം അടക്കേണ്ടത്‌. മുഴുവന്‍ സമയവും പാചകവാതകം ലഭ്യമാകുമെന്നതാണ് സിറ്റി ഗ്യാസിന്റെ പ്രധാന ആകര്‍ഷണം.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും അദാനി ഗ്യാസ്‌ പ്രൈവറ്റ്‌ ലിമിറ്റഡും ചേര്‍ന്നാണ്‌ പദ്ധതി. പൈപ്പ്‌ലൈന്‍ കടന്നുപോകുന്ന സ്ഥലങ്ങളിലെ വാണിജ്യ, വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പാചകവാതകവും ലഭ്യമാക്കും.

വാഹനങ്ങള്‍ക്കാവശ്യമായ വാതകം നിറയ്ക്കുന്നതിനായുള്ള നാല്‌ സിഎന്‍ജി (കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്) സ്‌റ്റേഷനുകളും ജില്ലയിലുണ്ട്‌. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍, മട്ടന്നൂര്‍, പറശിനിക്കടവ്‌, പരിയാരം എന്നിവിടങ്ങളിലാണിത്‌. കൂത്തുപറമ്ബ്‌, പയ്യന്നൂര്‍, കമ്ബില്‍ എന്നിവിടങ്ങളില്‍ അടുത്ത മാസത്തോടെയും തലശേരി, തളിപ്പറമ്ബ്‌, മാഹി എന്നിവിടങ്ങളില്‍ മാര്‍ച്ചോടെയും സ്‌റ്റേഷനുകള്‍ ആരംഭിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group