Join News @ Iritty Whats App Group

ഡോക്ടര്‍മാര്‍ക്ക് ഇനി ഖാദി കോട്ട്: സംസ്ഥാനതല ഉദ്ഘാടനം നാളെ കണ്ണൂരില്‍


കണ്ണൂർ:   സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരും ഇനി ഖാദി കോട്ട് ധരിക്കും. ഖാദി ബോര്‍ഡ് തയാറാക്കിയ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതോടെയാണ് സംസ്ഥാനത്ത് പദ്ധതിക്ക് തുടക്കമാകുന്നത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഖാദി കോട്ട് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഖാദി വ്യവസായ ബോര്‍ഡ് പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച രാവിലെ 10.30ന് പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ നടക്കും. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ ഉദ്ഘാടനം ചെയ്യും.

സര്‍ക്കാര്‍ ഓഫിസുകളിലെ ജീവനക്കാര്‍ ആഴ്ചയില്‍ ഒരുദിവസം ഖാദി ധരിക്കണമെന്ന നിര്‍ദേശത്തിന് പുറമെയാണ് കൂടുതല്‍ വരുമാനം ലക്ഷ്യമിട്ടുള്ള ബോര്‍ഡിന്‍റെ നീക്കം. ദേശീയ മെഡിക്കല്‍ മിഷന്‍ നിര്‍ദേശം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഖാദി കോട്ട് നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശം സര്‍ക്കാറിനുമുന്നില്‍ ഖാദി ബോര്‍ഡ് സമര്‍പ്പിച്ചത്. ഇതുസംബന്ധിച്ച്‌ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ അപേക്ഷക്ക് അംഗീകാരം നല്‍കുകയായിരുന്നു. ഡോക്ടര്‍മാക്കും നഴ്സുമാര്‍ക്കും ആവശ്യമായ ഖാദി കോട്ടിന്‍റെ മാതൃകയടക്കം തയ്പ്പിച്ചാണ് ജയരാജന്‍ മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയത്. ഇതോടെ വലിയ വിപണിയും വന്‍ സാമ്ബത്തിക നേട്ടവുമായിരിക്കും കേരളത്തില്‍ ഖാദിക്ക് ലഭിക്കുക.

സര്‍ക്കാര്‍ ആശുപത്രികള്‍ക്കുപുറമെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരെക്കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ അപേക്ഷയില്‍ സൂചിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ ആശുപത്രി അധികൃതര്‍ക്കും ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ഖാദി ബോര്‍ഡ് കൈമാറും. നിലവില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ആഴ്ചയില്‍ ഒരുദിവസം ഖാദി ധരിക്കണമെന്ന നിര്‍ദേശമുണ്ട്. ഇതിനുപുറമെ സഹകരണ ബാങ്കുകളിലെ ജീവനക്കാര്‍ക്കിടയിലും സംസ്ഥാനത്തെ മറ്റു അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പദ്ധതി വിപുലപ്പെടുത്താനും നീക്കമുണ്ട്. നിര്‍ദേശം നടപ്പിലായാല്‍ കൂടുതല്‍ ഉല്‍പാദനവും വരുമാനവും നിരവധി പേര്‍ക്ക് തൊഴിലും ഇതുവഴി യാഥാര്‍ഥ്യമാകും.

Post a Comment

Previous Post Next Post
Join Our Whats App Group