ചെങ്ങന്നൂർ: ബൈക്ക് മോഷണം അടക്കം ഇരുന്നൂറിലധികം കേസുകളിൽ പ്രതിയായ യുവാവ് ചെങ്ങന്നൂർ ഡിവൈ.എസ്.പി ഓഫീസിൽ എത്തി മോഷണം നിറുത്തിയെന്ന് അറിയിച്ചതിന് പിന്നാലെ അറസ്റ്റിലുമായി. രണ്ടു ബൈക്ക് മോഷണക്കേസുകളിലാണ് അറസ്റ്റ്.
റാന്നി പഴവങ്ങാടി ഇട്ടിയപ്പാറ കള്ളിക്കാട് വീട്ടിൽ തോമസ് കുര്യാക്കോസ് (ബിനു തോമസ് 31) ആണ് ഡിവൈ.എസ്.പി ഡോ.ആര്‍ ജോസ് മുമ്പാകെ നേരിട്ടെത്തി മോഷണം നിറുത്തുകയാണെന്ന് അറിയിച്ചത്. മുൻപ് പല തവണ ഡിവൈ.എസ്.പി ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു മാല മോഷണക്കേസിൽ റിമാൻഡിലായിരുന്ന ബിനു കഴിഞ്ഞ 21 നാണ് പുറത്തിറങ്ങിയത്. ഇതിന് പിന്നാലെ രണ്ടു ബൈക്ക് മോഷ്ടിച്ചു.
കഴിഞ്ഞ 27 ന് രാത്രി ചെങ്ങന്നൂർ അങ്ങാടിക്കൽ ചെറുകര മോടിയിൽ പ്രശാന്തിന്റെ ഹീറോ ഹോണ്ട പാഷൻ പ്ലസ്, പത്തനംതിട്ട വാര്യാപുരം ഭാഗത്ത് നിന്ന് കെ എൽ 62 സി 892 നമ്പർ ബൈക്ക് എന്നിവയാണ് മോഷ്ടിച്ചത്.
പ്രായപൂർത്തിയാകുന്നതിന് മുൻപ് മോഷണം തുടങ്ങിയ ആളാണ് ബിനു തോമസ്. അന്ന് പല തവണ ഇയാളെ അറസ്റ്റ് ചെയ്തത് ഇൻസ്‌പെക്ടർ ആയിരുന്ന ജോസ് ആണ്. അതു കൊണ്ടു തന്നെ അവസാനത്തെ രണ്ടു ബൈക്ക് മോഷണത്തിന് ശേഷം തൊഴിലിൽ നിന്ന് വിരമിക്കുന്ന കാര്യം അദ്ദേഹത്തോട് പറയാൻ തീരുമാനിക്കുകയായിരുന്നു.
Post a Comment