Join News @ Iritty Whats App Group

കൈപൊള്ളിക്കും വിമാനനിരക്ക് വര്‍ധനവ്; കണ്ണൂര്‍ വിമാനത്താവളത്തോട് പ്രവാസികള്‍ മുഖം തിരിക്കുന്നു


മട്ടന്നൂർ: നവാഗത വിമാനത്താവളമായ കണ്ണൂരിലെ വിമാന ടികറ്റ് നിരക്ക് വര്‍ധനവ് പ്രവാസികളുടെ കൈപൊളളിക്കുന്നു.

കണ്ണില്‍ ചോരയില്ലാത്ത ടികറ്റ് നിരക്കാണ് കണ്ണൂരില്‍ നിന്നും വിദേശരാജ്യങ്ങളിലേക്ക് പോകേണ്ടവരില്‍ നിന്നും ഈടാക്കുന്നതെന്ന് പ്രവാസി സംഘടനകള്‍ പറയുന്നു. പുതുവര്‍ഷ സീസണായ ഡിസംബര്‍-ജനുവരി മാസങ്ങളില്‍ 30,000 രൂപയ്ക്കു മുകളിലാണ് കണ്ണൂരില്‍ നിന്നും ദുബൈ, ശാര്‍ജ എന്നിവടങ്ങിലേക്കുള്ള ടികറ്റ് നിരക്ക്.

അതേസമയം 20,000ത്തിന് താഴെയാണ് കരിപ്പൂരില്‍ നിന്നുള്ള ഗള്‍ഫിലേക്കുളള വിമാന ടികറ്റ് നിരക്ക്. നാലംഗ കുടുംബത്തിന് ഗള്‍ഫിലേക്ക് പോകാന്‍ നാല്‍പതിനായിരത്തിലധികം രൂപയുടെ വ്യത്യാസമാണ് കണ്ണൂരും കോഴിക്കോടുമായുള്ളത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലയിലെ വടകര എന്നിവടങ്ങളിലുള്ളവര്‍ക്ക് വളരെ എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന ദൂരമേ കണ്ണൂര്‍ വിമാനത്താവളവുമായുള്ളൂ.

കര്‍ണാടകയിലെ കുടക് മേഖലയിലുള്ളവര്‍ക്കും ഏറ്റവും സൗകര്യപ്രദമായ വിമാനത്താവളവും കണ്ണൂരാണ്. പക്ഷെ ടികറ്റ് നിരക്ക് വര്‍ധനവ് കാരണം ഇവരൊക്കെ ഇപ്പോള്‍ ആശ്രയിക്കുന്നത് കരിപ്പൂരിനെയാണ്. ടികറ്റ് നിരക്ക് കഴിച്ചാലും വലിയ തുകയാണ് ലാഭിക്കാന്‍ കഴിയുന്നതെന്ന് പ്രവാസികള്‍ പറയുന്നു.

ഉദ്ഘാടനം കഴിഞ്ഞു വര്‍ഷങ്ങള്‍ പിന്നിടാന്‍ പോകുമ്ബോഴും ഗള്‍ഫ് മേഖലയിലേക്കല്ലാതെ കണ്ണൂരില്‍ നിന്ന് വിമാന സര്‍വീസ് ആരംഭിക്കാന്‍ കിയാലിന് കഴിഞ്ഞിട്ടില്ല. നൂറു കണക്കിന് ആളുകള്‍ ഇപ്പോഴും തായ്‌ലന്‍ഡ്, മലേഷ്യ, സിംഗപൂര്‍, ബാലി, അസര്‍ബൈജാന്‍, തുര്‍കി തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിനോദ യാത്ര നടത്തുന്നുണ്ട്. ഇവരൊക്കെ കരിപ്പൂര്‍, നെടുമ്ബാശേരി എന്നിവടങ്ങളില്‍ നിന്നാണ് പോയിവരുന്നത്. ഇവിടങ്ങളിലേക്ക് പോലും വിമാന സര്‍വീസ് തുടങ്ങാന്‍ കിയാലിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

കേന്ദ്ര ഭരണ കക്ഷിയായ ബിജെപിയെയോ വിദേശകാര്യ സഹമന്ത്രിയെയോ അനുനയിപ്പിച്ചു അനുകൂലമായ തീരുമാനമെടുപ്പിക്കാന്‍ കഴിയാതെ മുഖ്യമന്ത്രി ചെയര്‍മാനായ കിയാല്‍ പരാജയപ്പെട്ടുവെന്നാണ് ആക്ഷേപം. ഇതിനായുളള പോസറ്റീവായ ഒരു ശ്രമവും കിയാല്‍ നടത്തിയില്ലെന്ന ആരോപണവും യാത്രക്കാര്‍ക്കുണ്ട്. വിദേശത്തെക്ക് പോകേണ്ടവര്‍ മാത്രമല്ല ആഭ്യന്തര സഞ്ചാരികളും കണ്ണൂര്‍ വിമാനത്താവളത്തിലെ നിരക്ക് വര്‍ധനവില്‍ അതൃപ്തരാണ്. കണ്ണൂര്‍ വിമാനത്താവളത്തിലെ ജീവനക്കാര്‍ തീരെ പ്രൊഫഷനാലായി പെരുമാറുന്നില്ലെന്ന പരാതിയും വ്യാപകമാണ്.

വിമാനം ലാന്‍ഡ് ചെയ്താല്‍ കൊച്ചിയിലും കോഴിക്കോടും 15 മിനുറ്റിനുള്ളില്‍ യാത്രക്കാര്‍ക്ക് പുറത്തുകടക്കാന്‍ കഴിയും. എന്നാല്‍ മണിക്കൂറുകളോളമാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് കെട്ടിക്കിടക്കേണ്ടി വരുന്നത്. എമിഗ്രേഷനില്‍ പോലും ആവശ്യത്തിന് കൗണ്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കിയാലിന് സാധിച്ചിട്ടില്ല. ഫലത്തില്‍ കണ്ണൂര്‍ വിമാനത്താവളം കൊണ്ടു യാത്രക്കാര്‍ക്ക് യാതൊരു പ്രയോജനവുമില്ലെന്ന ആരോപണം ശകതമായിരിക്കുകയാണ്

Post a Comment

Previous Post Next Post
Join Our Whats App Group