Join News @ Iritty Whats App Group

കണ്ണൂർ ജില്ലാ പഞ്ചായത്തിന് ഭിന്നശേഷി സൗഹൃദ പുരസ്‌കാരം


തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന ഭിന്നശേഷി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ഭിന്നശേഷി സൗഹൃദ ജില്ലാ പഞ്ചായത്തായി കണ്ണൂര്‍ തെരഞ്ഞെടുത്തു.

മികച്ച ഭിന്നശേഷി സൗഹൃദ ജില്ലാ ഭരണകൂടത്തിനുള്ള പുരസ്‌കാരം കോഴിക്കോടും കോര്‍പ്പറേഷനുള്ള പുരസ്‌കാരം തിരുവനന്തപുരവും ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്‌കാരം നിലമ്ബൂരും മികച്ച ഗ്രാമപഞ്ചായത്തിനുള്ള പുരസ്‌കാരം തൃശൂര്‍ ജില്ലയിലെ അരിമ്ബൂരും നേടി. ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. ഭിന്നശേഷി ദിനമായ ഡിസംബര്‍ മൂന്നിനു പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഭിന്നശേഷി മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജീവനക്കാരന്‍, തൊഴില്‍ദായകര്‍, എന്‍.ജി.ഒ, മാതൃകാവ്യക്തി, സര്‍ഗാത്മകകഴിവുള്ള കുട്ടി, കായിക താരം, ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായിട്ടുള്ളവര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ജില്ലാ ഭരണകൂടം, എന്‍ജിഒകള്‍ നടത്തി വരുന്ന പുനരധിവാസ കേന്ദ്രങ്ങള്‍, സാമൂഹ്യനീതി വകുപ്പിലെ മികച്ച ഭിന്നശേഷി സ്ഥാപനം, ഭിന്നശേഷി സൗഹൃദ റിക്രിയേഷന്‍ സെന്ററുകള്‍, ഭിന്നശേഷിക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുവാന്‍ സഹായകമാകുന്ന പുതിയ പദ്ധതികള്‍/ ഗവേഷണങ്ങള്‍/സംരംഭങ്ങള്‍ എന്നിങ്ങനെ ഇരുപത് വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.

വിജിമോള്‍ വി.എസ് (തിരുവനന്തപുരം), ഉഷ എസ് (തിരുവനന്തപുരം), സീന എ.സി (തൃശൂര്‍), ഡോ. ബാബു രാജ് .പി.ടി (കോട്ടയം), ഷിജു എന്‍.വി (കണ്ണൂര്‍) എന്നിവര്‍ ഗവണ്‍മെന്റ് ജീവനക്കാരുടെ വിഭാഗത്തില്‍ ഭിന്നശേഷി പുരസ്‌കാരത്തിന് അര്‍ഹരായി. സ്വകാര്യ മേഖലയില്‍ നിന്നു നീതു കെ.വി (കണ്ണൂര്‍), തോമസ് എ.ടി (ഇടുക്കി) എന്നിവര്‍ പുരസ്‌കാരം നേടി. ഭിന്നശേഷി പ്രോത്സാഹന തൊഴില്‍ അന്തരീക്ഷമൊരുക്കി നല്‍കിയ തൊഴില്‍ദാതാക്കളില്‍ തൃശൂരില്‍ നിന്നുള്ള റോസ്മിന്‍ മാത്യു( ഐഎഎന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷന്‍ ആന്‍ഡ് റിസര്‍ച്ച്‌) പുരസ്‌കാരം നേടി.

കാസര്‍ഗോഡ് പെര്‍ലയിലുള്ള നവജീവന്‍, കോട്ടയം വാഴൂരിലെ ആശാനിലയം സ്‌പെഷ്യല്‍ സ്‌കൂള്‍, മലപ്പുറത്തുള്ള എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ഡിസേബിള്‍ഡ് എന്‍ജിഒയ്ക്കുള്ള പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. മാതൃകാവ്യക്തിയ്ക്കുള്ള ഈ വര്‍ഷത്തെ ഭിന്നശേഷി പുരസ്‌കാരം ധന്യ പി(കോഴിക്കോട്), ജിമി ജോണ്‍ (വയനാട്) എന്നിവര്‍ സ്വന്തമാക്കി. സര്‍ഗാത്മക കഴിവുതെളിയിച്ച കുട്ടികളായ അനന്യ ബിജേഷ് (തിരുവനന്തപുരം), നയന്‍ എസ്.(കൊല്ലം), കെ.എസ് അസ്‌ന ഷെറിന്‍ (തൃശൂര്‍) എന്നിവര്‍ക്കും പുരസ്‌കാരമുണ്ട്. ഭിന്നശേഷി മേഖലയില്‍ നിന്നുള്ള മികച്ച കായികതാരത്തിനുള്ള പുരസ്‌കാരത്തിന് പൊന്നു പി.വി (വയനാട്). വിഷ്ണു പി.വി (തൃശൂര്‍), അര്‍ഷക് ഷാജി (തിരുവനന്തപുരം) എന്നിവര്‍ അര്‍ഹരായി. ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള പ്രശാന്ത് ചന്ദ്രനും (തിരുവനന്തപുരം)പുരസ്‌കാരമുണ്ട്.

മികച്ച പുനരധിവാസ കേന്ദ്രമായി കോട്ടയം ജില്ലയിലെ ആശ്വാസ് വൊക്കേഷണല്‍ ട്രയിനിങ് സെന്ററും, മികച്ച ഭിന്നശേഷി സൗഹൃദ സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനമായി മലപ്പുറം ജില്ലയിലെ കേരള സ്‌കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡ് പുരസ്‌കാരം നേടി. ഭിന്നശേഷിക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുവാന്‍ സഹായകമാകുന്ന പുതിയ പദ്ധതികള്‍/ ഗവേഷണങ്ങള്‍/സംരംഭങ്ങള്‍ എന്ന കാറ്റഗറിയില്‍ എന്‍.ഐ.പി.എം.ആര്‍ (ഇരിഞ്ഞാലക്കുട, തൃശൂര്‍) പുരസ്‌കാരത്തിന് അര്‍ഹമായി.

Post a Comment

Previous Post Next Post
Join Our Whats App Group