Join News @ Iritty Whats App Group

മഹിളാ കോൺഗ്രസ് പ്രതിഷേധത്തിലെ അധിക്ഷേപം; ജെബി മേത്തർക്കെതിരെ മേയർ ആര്യ രാജേന്ദ്രൻ മാനനഷ്ട കേസ് നൽകി


തിരുവനന്തപുരം: മഹിളാ കോൺഗ്രസ് നേതാവും എംപിയുമായ ജെബി മേത്തർക്കെതിരെ മേയർ ആര്യാ രാജേന്ദ്രൻ മാനനഷ്ട കേസ് കൊടുത്തു. നഗരസഭയിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധ സമരത്തിനിടെ മാധ്യമങ്ങളിലൂടെ ജെബി മേത്തർ എം.പി നടത്തിയ അപകീർത്തികരമായ പരാമർശത്തിനെതിരെ നോട്ടീസ്. നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം രേഖാമൂലവും മാധ്യമങ്ങളിലൂടെയും പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യം. ഇല്ലാത്ത പക്ഷം സിവിലായും ക്രിമിനലായും നിയമ നടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു.

പോസ്റ്റർ എഴുതി ഒട്ടിച്ച പെട്ടിയുമായാണ് ജെബി മേത്തർ തിരുവനന്തപുരം നഗരസഭയിലെ മഹിളാ കോൺഗ്രസ് പ്രതിഷേധത്തിന് എത്തിയത്. "കട്ട പണവുമായി മേയറുകുട്ടി കോഴിക്കോട്ടേക്ക് വിട്ടോ " എന്നായിരുന്നു പോസ്റ്ററിൽ എഴുതിയിരുന്നത്. ഇത് വിവാദമായതോടെ ഭർത്താവിൻ്റെ നാടെന്ന നിലയ്ക്കല്ല പോസ്റ്ററെന്ന് വിശദീകരിച്ച് ജെബി മേത്തർ മുന്നോട്ട് വന്നു. കോഴിക്കോട് ജില്ലയിലെ ബാലുശേരി എംഎല്‍എ സച്ചിന്‍ദേവാണ് തിരുവനന്തപുരം നഗരസഭാ മേയറായ ആര്യാ രാജേന്ദ്രന്റെ ജീവിത പങ്കാളി. ഭര്‍ത്താവിന്‍റെ നാട് കോഴിക്കോട് എന്ന നിലക്കാണ് ജെബി മേത്തർ മേയര്‍ക്കെതിരെ ഇത്തരമൊരു പരാമര്‍ശം ഉന്നയിച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു.

"കട്ട പണവുമായി മേയറുകുട്ടി കോഴിക്കോട്ടേക്ക് വിട്ടോ " എന്ന മഹിളാ കോൺഗ്രസ് നേതാവ് ജെബി മേത്തർ എംപിയുടെ പരാമർശവും പ്ലക്കാഡും വിമർശനാത്മകമാണെന്നായിരുന്നു ഈ വിഷയത്തിൽ നേരത്തെ ആര്യാ രാജേന്ദ്രൻ പ്രതികരിച്ചത്. ഇക്കാര്യത്തിൽ മാനനഷ്ട കേസടക്കമുള്ള നിയമനടപടികൾ ആലോചിച്ച് മുന്നോട്ട് പോകുമെന്നും അവർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. സമരം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിലോ ഭയപ്പെടുത്തുന്ന രീതിയിലോ ആകരുതെന്നും നേരത്തെ കത്ത് വിവാദത്തിലെ പ്രതിപക്ഷ പ്രതിഷേധത്തോട് ആര്യാ രാജേന്ദ്രൻ പറഞ്ഞിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group