കണ്ണൂർ: തലശ്ശേരിയിൽ ലഹരി സംഘത്തിന്റെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. തലശേരി നെട്ടൂർ ഇല്ലിക്കുന്ന് സ്വദേശി കെ ഖാലിദ് (52) സഹോദരി ഭർത്താവും സിപിഎം നെട്ടൂർ ബ്രാഞ്ചംഗവുമായ ഷമീർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ സുഹൃത്ത് നെട്ടൂർ സ്വദേശി ഷാനിബിനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.
ഇന്ന് വൈകിട്ട് 4.30 ഓടെ സഹകരണ ആശുപത്രിക്ക് സമീപത്തു വച്ചാണ് ആക്രമണമുണ്ടായത്. ഷമീറിന്റെ മകൻ ഷബീലിനെ നേരത്തേ ഒരു സംഘം നേരത്തെ മർദ്ദിച്ചിരുന്നു. ഇയാളെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് അനുരഞ്ജനത്തിനെന്ന പേരിൽ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്.
ഖാലിദിന്റെ കഴുത്തിനാണ് വെട്ടേറ്റത്. തടയാൻ ശ്രമിച്ച ഷമീറിന്റെ പുറത്തും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും കുത്തേറ്റു. ഇരുവരെയും പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നിൽ നെട്ടൂർ സ്വദേശികളായ മൂന്നുപേരാണ് എന്നാണ് പോലീസിന് ലഭിച്ച വിവരം.
പ്രധാന പ്രതികൾക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ലഹരി സംഘമാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Post a Comment