കൊച്ചി: നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ മോഡലായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ കസ്‌റ്റഡിയിലെടുത്ത വനിതയടക്കം നാലു പേരുടെയും അറസ്‌റ്റ് രേഖപ്പെടുത്തി. രാജസ്‌ഥാന്‍ സ്വദേശിനിയും മോഡലുമായ ഡിംപിള്‍ ലാംബ, കൊടുങ്ങല്ലൂര്‍ സ്വദേശികളായ നിതിന്‍, വിവേക്, സുദീപ് എന്നിവരെയാണു പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ഡി.ജെ. പാര്‍ട്ടിയില്‍ പങ്കെടുപ്പിക്കാമെന്നു പറഞ്ഞാണു പത്തൊന്‍പതുകാരിയായ മോഡലിനെ ഡിംപിള്‍ ബാറില്‍ കൊണ്ടുവന്നതെന്നു സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു ചക്കിലം പറഞ്ഞു. ബാറില്‍നിന്നിറങ്ങിയശേഷം വാഹനത്തില്‍വച്ചു ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. യുവാക്കള്‍ക്കു പീഡനത്തിനു സൗകര്യമൊരുക്കാന്‍ ഡിംപിള്‍ തന്ത്രപൂര്‍വം കാറില്‍ കയറാതെ ഒഴിഞ്ഞുമാറുകയായിരുന്നു. ഡിംപിളിന്റെ പങ്ക് നിര്‍ണായകമാണെന്നു മനസിലാക്കിയതിനാലാണ് അറസ്‌റ്റ് ചെയ്‌തത്. ഇരുവരും തമ്മിലുള്ള അടുപ്പമാണ് ഇരയെ ബാറിലേക്ക് എത്തിച്ചത്. കുറ്റകൃത്യങ്ങള്‍ക്കു പിന്നില്‍ മദ്യവും മറ്റു ലഹരികളും സ്വാധീനം ചെലുത്തുന്നുണ്ട്. സ്‌ത്രീകള്‍ ഇരയാക്കപ്പെടുന്ന സംഭവങ്ങളില്‍ ലഹരിയുടെ സ്വാധീനം കൂടുതലാണ്.
പ്രതികള്‍ പീഡനത്തിനുപയോഗിച്ച മഹീന്ദ്ര ഥാര്‍ ജീപ്പ് പിടിച്ചെടുത്തിട്ടുണ്ട്. വാഹനം ഫോറന്‍സിക് വിദഗ്‌ധര്‍ പരിശോധിച്ചു. പീഡനം നടന്നതിന്റെ തെളിവായി വാഹനത്തില്‍നിന്നു സാമ്പിളുകള്‍ കിട്ടിയിട്ടുണ്ട്- കമ്മിഷണര്‍ പറഞ്ഞു.
കാസര്‍ഗോഡ് സ്വദേശിയായ മോഡലും മറ്റുള്ളവരും കഴിഞ്ഞ 17 നു രാത്രി നഗരത്തിലെ ബാറില്‍ കയറി മദ്യപിച്ചു പുറത്തുവന്നശേഷമായിരുന്നു സംഭവം. ടൗണില്‍ മണിക്കൂറുകളോളം വാഹനത്തില്‍ കറങ്ങി മൂവരും മാറിമാറി പീഡനത്തിനിരയാക്കുകയായിരുന്നു. പീഡനം മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയാണെന്നാണ് സംശയിക്കുന്നത്. എന്നാല്‍, ഇതു കാലേക്കൂട്ടി തയാറാക്കാതെ അപ്പോള്‍ത്തന്നെ സംഭവിച്ചതാണോയെന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.
ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് എറണാകുളം സൗത്ത് പോലീസ് കേസെടുത്തിട്ടുള്ളത്. പ്രതികളെ ചോദ്യംചെയ്‌തശേഷം കോടതിയില്‍ ഹാജരാക്കുമെന്നു കമ്മിഷണര്‍ പറഞ്ഞു.
പുറത്തറിയിച്ചത് ആശുപത്രി
കൊച്ചി: നഗരത്തില്‍ വാഹനത്തില്‍ 19 വയസുകാരിയെ ക്രൂരമായി പീഡനത്തിനിരയാക്കിയ സംഭവം പുറത്തുവന്നത് ആശുപത്രി അധികൃതരുടെ ഇടപെടല്‍മൂലം. പീഡനത്തിനിരയായ പെണ്‍കുട്ടിക്കു കലശലായ ദേഹാസ്വാസ്‌ഥ്യമുണ്ടായതിനെത്തുടര്‍ന്നാണ് ആശുപത്രിയെ സമീപിച്ചത്.
സംഭവിച്ചതെന്താണെന്ന് ആശുപത്രി അധികൃതര്‍ തിരക്കിയെങ്കിലും യുവതി ആദ്യം പറയാന്‍ മടിച്ചു. യുവതി നേരിട്ടതു ക്രൂരമായ പീഡനമാണെന്നു ബോധ്യമായ ആശുപത്രി അധികൃതര്‍ ആവര്‍ത്തിച്ചു ചോദിച്ചപ്പോഴാണ് നിജസ്‌ഥിതി വെളിപ്പെടുത്തിയത്. പിന്നാലെ കാക്കനാട് ഇന്‍ഫോര്‍ പാര്‍ക്ക് പോലീസില്‍ ആശുപത്രിയില്‍നിന്നു വിവരമറിയിച്ചു. സംഭവം സൗത്ത് പോലീസ് സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ ഇന്‍ഫോ പാര്‍ക്ക് പോലീസ് കേസ് അവിടേക്കു കൈമാറി. തിടുക്കത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതുകൊണ്ടു പ്രതികളെ വേഗത്തില്‍ പിടികൂടാനും സാധിച്ചു. ഇരയായ പെണ്‍കുട്ടി സംഭവത്തില്‍ പരാതി നല്‍കിയിരുന്നില്ല.
Post a Comment