പാലക്കാട്: പട്ടാമ്പി മുതുതലയിൽ കണ്ണ് ചൂഴ്ന്നെടുക്കപ്പെട്ട വളർത്തു നായയുടെ ശസ്ത്രക്രിയ പൂർത്തിയായി. മണ്ണുത്തി വെറ്ററിനറി ആശുപത്രിയിൽവെച്ചാണ് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്. തീയിൽ പഴുപ്പിച്ച കമ്പി ഉപയോഗിച്ച് നായയുടെ കണ്ണ് ചൂഴ്ന്നെടുത്തതായിരിക്കാമെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. ഐ.പി.സി വകുപ്പുകളും പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി എഗൈൻസ്റ്റ് ആനിമൽ വകുപ്പുകളും ചേർത്ത് കേസ് രജിസ്റ്റർ ചെയ്ത് പട്ടാമ്പി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഡോക്ടർമാരുടെ സംഘം നായയെ സന്ദർശിച്ച് സ്ഥിതി വിലയിരുത്തി.
പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. ചിത്രകാരി ദുർഗാ മാലതിയുടെ വളർത്തു നായ നക്കുവിന് നേരെയാണ് ഈ ക്രൂരതയുണ്ടായത്. ഒരാഴ്ച മുമ്പാണ് നായയെ വീട്ടിൽ നിന്ന് കാണാതായത്. വീടിനു മുന്നിൽ കെട്ടിയിട്ട നായയെ രാത്രി 12 മണിക്ക് നോക്കുമ്പോൾ കണ്ടില്ല. ഏറെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
വെള്ളിയാഴ്ച വീട്ടിൽ തിരിച്ചെത്തിയ നായയുടെ രണ്ടു കണ്ണുകളും ചൂഴ്ന്നെടുത്ത നിലയിൽ ആയിരുന്നു. ഉടമയുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. നായയുടെ ദേഹത്ത് മറ്റ് മുറിവുകളില്ല. കണ്ണ് ആരെങ്കിലും കുത്തിപ്പൊട്ടിച്ചതായിരിക്കാമെന്നാണ് നിഗമനം. കേസിൽ നിരവധി പേരെ ചോദ്യം ചെയ്തു. ഉടമയോട് ആർക്കെങ്കിലും വ്യക്തിവിരോധം ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. കേസിൽ ഒന്നിലേറെ പേരുണ്ടാകാമെന്നാണ് നിഗമനം. സംശയമുള്ള ഒരു സംഘം പൊലീസിൻ്റെ നിരീക്ഷണത്തിലാണ്.
Post a Comment