Join News @ Iritty Whats App Group

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും പ്രീ പെയ്ഡ് ഓട്ടോ

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോ സംവിധാനം പുനസ്ഥാപിക്കാന്‍ നടപടിയാവുന്നു.
ഇത് സംബന്ധിച്ച്‌ പൊലീസ്, റവന്യു, മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍, ഓട്ടോ തൊഴിലാളി സംഘടനാനേതാക്കള്‍ എന്നിവരുടെ യോഗം കോര്‍പ്പറേഷന്‍ ഓഫീസില്‍ ചേര്‍ന്നു. കോര്‍പറേഷന്‍ പ്രീപെയ്ഡ് ഓട്ടോ സംവിധാനത്തിെന്റ നഗരപരിധി പുനക്രമീകരിക്കാന്‍ ധാരണയായി.

തലശ്ശേരി ഭാഗത്ത് മേലെചൊവ്വ വരെയും തളിപ്പറമ്ബ് ഭാഗത്ത് വനിത കോളജ് വരെയും അഴീക്കല്‍ ഭാഗം ചാലാട് വരെയും പയ്യാമ്ബലം ഭാഗം കാനത്തൂര്‍ കാവ് വരെയും നഗരപരിധി പുനക്രമീകരിച്ചു. സിറ്റി ഭാഗം കുറുവ റോഡ് ജംഗ്ഷന്‍ വരെയും കക്കാട് ഭാഗം അരയാല്‍ത്തറ വരെയും തളാപ്പ് ഭാഗം ലളിത സര്‍വീസ് സെന്റര്‍ വരെയുമാണ് ക്രമീകരിക്കുന്നതിന് ധാരണയായത്. റെയില്‍വേ സ്റ്റേഷനിലെ പ്രധാന കവാടത്തില്‍ 2013ല്‍ പ്രവര്‍ത്തനം തുടങ്ങിയ പ്രീപെയ്ഡ് ഓട്ടോ കൗണ്ടര്‍ പൂട്ടിയിട്ട് കാലമേറെയായി. 

ഇടക്ക് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും നടപടികള്‍ എങ്ങുമെത്തിയില്ല. കൗണ്ടര്‍ തുടങ്ങണമെന്ന് പൊലീസിന്റെയും യാത്രക്കാരുടെയും ഭാഗത്തുനിന്ന് ആവശ്യമുണ്ടായിരുന്നു.

യാത്രാക്കൂലി തര്‍ക്കത്തിന് പരിഹാരമാകും

കൗണ്ടര്‍ തുടങ്ങിയാല്‍ ഓട്ടോ ഡ്രൈവര്‍മാരും യാത്രക്കാരും തമ്മില്‍ യാത്രാക്കൂലി സംബന്ധിച്ച തര്‍ക്കങ്ങള്‍ ഇല്ലാതാവും. ചില ഡ്രൈവര്‍മാര്‍ അമിതമായി യാത്രക്കൂലി ഈടാക്കുന്നതായി പരാതിയുണ്ട്. കഴിഞ്ഞദിവസം കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് സിറ്റിയിലേക്ക് ഓട്ടോറിക്ഷയില്‍ പോയ യാത്രക്കാരനില്‍നിന്ന് 3,00 രൂപ ഈടാക്കിയതായി പരാതിയുണ്ട്. ജില്ലക്ക് പുറത്തുനിന്നെത്തുന്നവരാണ് പലപ്പോഴും ഈ കൊള്ളക്ക് ഇരയാകുന്നത്. മേയര്‍ ടി.ഒ മോഹനന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.

നഗരപരിധി പുനക്രമീകരിച്ചതിന് പിന്നാലെ നിരക്ക് സംബന്ധിച്ച്‌ തീരുമാനമെടുക്കേണ്ടതുണ്ട്. കൗണ്ടര്‍ പുനസ്ഥാപിക്കുന്നതിനായി കമ്ബ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ഒരുക്കണം. രണ്ട് ജീവനക്കാരെയും നിയമിക്കണം. നടപടികള്‍ പൂര്‍ത്തിയാക്കി എത്രയും പെട്ടെന്ന് പ്രീപെയ്ഡ് ഓട്ടോ സംവിധാനം പുനസ്ഥാപിക്കാനാകും- മേയര്‍ ടി.ഒ. മോഹനന്‍

Post a Comment

Previous Post Next Post
Join Our Whats App Group