തിരുവനന്തപുരം: തീരത്ത് കളിക്കുന്നതിനിടെ ഒന്നര വയസുകാരന് തിരയിൽപ്പെട്ട് ദാരുണാന്ത്യം. പൂവാർ കരുംകുളം പുതിയതുറ കുളപ്പുര ഹൗസിൽ ഉണ്ണി - സജിത ദമ്പതികളുടെ മകൻ ഫാബിയോ ആണ് തിരയിലകപ്പെട്ട് മരിച്ചത്. പുതിയതുറ ഫിഷ് ലാന്‍റിംഗ് സെന്‍ററിന് സമീപത്താണ് സംഭവം. കുഞ്ഞിനെ സഹോദരനെ ഏൽപിച്ച ശേഷം മാതാവ് സജിത കുടുംബശ്രീ യോഗത്തിന് പോയ സമയത്താണ് അപകടം നടന്നതെന്നും കുട്ടിയുടെ സഹോദരന്‍റെ ശ്രദ്ധ മാറിയപ്പോൾ കുട്ടി കടൽത്തീരത്തേക്ക് പോയി അപകടത്തിൽ പ്പെടുകയായിരുന്നുവെന്നും പൂവാർ കോസ്റ്റൽ പൊലീസ് പറഞ്ഞു.
സഹോദരന്‍റെ കരച്ചില്‍ കേട്ട് ഓടിക്കൂടിയവര്‍ കുട്ടിയെ രക്ഷപ്പെടുത്തി കാഞ്ഞിരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം, വിദഗ്ദ ചികിത്സയ്ക്കായി നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്നലെ വൈകിട്ട് 4 മണിയോടെ പുതിയതുറയിൽ സെന്‍റ് നിക്കോളസ് ചർച്ച് സെമിത്തേരിയിൽ അടക്കം ചെയ്തു. പൂവാർ കോസ്റ്റൽ പൊലീസ് കേസെടുത്തു.
Post a Comment