ഉളിക്കൽ : ഉളിക്കൽ പഞ്ചായത്തിലെ ഏഴൂരിൽ ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപത്തെ വിറക് പുരയിൽ നിന്നും നാടൻ തോക്ക് പിടികൂടി. ഉളിക്കൽ സി ഐ സുധീർ കല്ലന്റെ നേതൃത്വത്തിൽ പോലീസ് പട്രോളിംങ്ങ് നടത്തുന്നതിനിടയിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് തോക്ക് കണ്ടെത്തിയത്. എഴൂർ അങ്കണവാടിക്ക് സമീപത്തെ മേൽക്കൂര തകർന്ന വീടിന്റെ മുറ്റത്തെ പൊളിത്തിൻ ഷീറ്റിട്ട വിറക് പുരയിൽ പ്ലസ്റ്റിക്ക് സഞ്ചിയിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു തോക്ക്. മരംകൊണ്ട് ഉണ്ടാക്കിയ പുറം ചട്ടയുള്ള തോക്കിനൊപ്പം ഒരു ഇരുമ്പുദണ്ഡും ഉണ്ടായിരുന്നു. തോക്കിന് ഏറെ കാലത്തെ പഴക്കം ഉണ്ട്. തോക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. മൃഗങ്ങളെ വേട്ടയാനോ മറ്റോ ഉപയോഗിക്കുന്നതാണെന്നാണ് നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം വീരാജ്‌പേട്ടയിൽ നിന്നുും വരികയായിരുന്ന കർണ്ണാടക ട്രാൻസ്‌പോർട്ട് ബസ്സിൽ നിന്നും 100 തിരകൾ എക്‌സൈസ് സംഘം പിടികൂടിയിരുന്നു. ഉടമസ്ഥരില്ലാത്ത നിലയിൽ തന്നെയായിരുന്നു ഇതും. തിരകൾ കണ്ടെത്തിയ സംഭവത്തിൽ ഇരിട്ടി സി ഐയുടെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കർണ്ണാടകയിലേക്കും അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ് .
Post a Comment