Join News @ Iritty Whats App Group

ഒമ്പത് ദിവസം ഭൂമിക്കടിയില്‍ ജീവനും മരണത്തിനും ഇടയ്ക്ക്; തൊഴിലാളികള്‍ക്ക് രക്ഷയായത് കാപ്പിപ്പൊടി

പ്രകൃതിദുരന്തങ്ങളിലോ സമാനമായ അപകടങ്ങളിലോ പെട്ട് ഭൂമിക്കടിയില്‍, അതായത് മണ്ണിനടിയില്‍ കുടുങ്ങിപ്പോകുന്നവര്‍ക്കായി തെരച്ചില്‍ നടത്തുമ്പോള്‍ ഇരുപത്തിനാല് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ തന്നെ രക്ഷാപ്രവര്‍ത്തകരില്‍ പ്രതീക്ഷ മങ്ങാൻ തുടങ്ങും. എങ്കിലും എന്തെങ്കിലും അത്ഭുതങ്ങള്‍ നടന്നാലോ എന്ന നേര്‍ത്ത ഒരു തോന്നലിലായിരിക്കും പിന്നീടിവര്‍ രക്ഷാപ്രവര്‍ത്തനം തുടരുക. 

കാരണം, മണ്ണിനടിയില്‍ കുടുങ്ങുമ്പോള്‍ അപകടത്തില്‍ പെടുന്നവര്‍ രക്ഷപ്പെടാനുള്ള സാധ്യതകള്‍ വളരെ കുറവാണെന്ന് നമുക്കറിയാം. ഒരുപക്ഷേ നിമിഷങ്ങള്‍ കൊണ്ട് തന്നെ മരണം സംഭവിച്ചേക്കാവുന്നൊരു ദാരുണമായ അവസ്ഥ തന്നെയാണത്. 

എന്നാലിവിടെ ഒരു ഖനി തകര്‍ന്ന് ഭൂമിക്കടിയില്‍ കുടുങ്ങിപ്പോയ രണ്ട് തൊഴിലാളികള്‍ ഒമ്പത് ദിവസമാണ് ജീവനും മരണത്തിനും ഇടയില്‍ കഴിച്ചുകൂട്ടിയിരിക്കുന്നത്. അതും വെറും കാപ്പിപ്പൊടിയും വെള്ളവും മാത്രം കഴിച്ച്. 

ദക്ഷിണ കൊറിയയിലാണ് അസാധാരണമായ സംഭവമുണ്ടായിരിക്കുന്നത്. വലിയൊരു സിങ്ക് ഖനിയില്‍ ജോലി ചെയ്യുന്നവരാണ് അപകടത്തില്‍ ഭൂമിക്കടിയില്‍ പെട്ടത്. തൊഴിലാളികളില്‍ രണ്ട് പേരെ കണ്ടെത്താൻ സാധിക്കാതെ വരികയായിരുന്നു. ഇവര്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് പെട്ടെന്നൊന്നും എത്തിപ്പെടാത്തത്ര താഴ്ചയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. 

സിനിമാക്കഥകളെ വെല്ലും വിധമാണ് തൊഴിലാളികള്‍ പക്ഷേ മണ്ണിനടിയില്‍ കഴിഞ്ഞത്. 620 അടി താഴ്ചയില്‍ ഖനി അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഇവര്‍ ഒമ്പത് ദിവസങ്ങള്‍ എങ്ങനെ പിടിച്ചുനിന്നുവെന്നാണ് ഏവര്‍ക്കും അത്ഭുതം. അതും അറുപത്തിരണ്ടും അമ്പത്തിയാറും വയസുള്ളവര്‍. എങ്ങനെയോ കയ്യില്‍ തട‍ഞ്ഞ മുപ്പത് ചെറിയ കാപ്പിപ്പൊടി സ്റ്റിക്കുകളാണ് ഇവര്‍ക്ക് ആകെ ലഭിച്ചിരുന്ന ഭക്ഷണസാധനം. വെള്ളം പോലും നേരാം വണ്ണം കിട്ടാൻ മാര്‍ഗമില്ല. 

അവശിഷ്ടങ്ങള്‍ക്കിടയിലൂടെ കിനിഞ്ഞിറങ്ങുന്ന വെള്ളം കുറെശ്ശെയായി എടുത്ത് കുടിച്ചു. കാപ്പിപ്പൊടിയും കഴിക്കും. അങ്ങനെ ഒമ്പത് ദിവസങ്ങള്‍. ഇതിനിടയില്‍ മണ്ണിനടിയിലെ തണുപ്പില്‍ ശരീരം അസാധാരണമായി തണുത്തുപോകുന്ന 'ഹൈപ്പോതെര്‍മിയ' എന്ന അവസ്ഥയിലേക്ക് ഇരുവരും കടന്നിരുന്നു.

ഇതിനെ ചെറുക്കാൻ ഇരുവരും ചേര്‍ന്ന് കുടുങ്ങിയ സ്ഥലത്ത് തന്നെ കയ്യില്‍ കിട്ടിയ സാധനങ്ങളെല്ലാം ഉപയോഗിച്ച് ടെന്‍റ് നിര്‍മ്മിച്ചു. ഇതിനകത്ത് കഴിഞ്ഞു.ആരെങ്കിലും തങ്ങളെ രക്ഷപ്പെടുത്താനെത്തുമെന്ന പ്രതീക്ഷ മാത്രമായിരുന്നു ഇവര്‍ക്ക് കൂട്ട്. ആ പ്രതീക്ഷ വെളിച്ചം കണ്ടു. 

'അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതകരം' എന്നാണ് സൗത്ത് കൊറിയ പ്രസിഡന്‍റ് യൂൻ സുക്-യ്വേള്‍ തൊഴിലാളികള്‍ രക്ഷപ്പെട്ട സംഭവത്തോട് സന്തോഷപൂര്‍വം പ്രതികരിച്ചത്. മരണത്തിന്‍റെ തുമ്പത്ത് നിന്ന് ജീവിതത്തിലേക്ക് മടങ്ങിവന്നതിന് ഇരുവര്‍ക്കും നന്ദിയെന്നാണ് അദ്ദേഹം പിന്നീട് പ്രതികരിച്ചത്. 


ഇരുവര്‍ക്കും മറ്റ് കാര്യമായ പരുക്കുകളൊന്നുമില്ല. വീഴ്ചയില്‍ സംഭവിച്ച ചതവുകളില്‍ ശരീരവേദനയുണ്ട്. അതുപോലെ തണുപ്പ് ശരീരത്തെ ബാധിച്ചതിന്‍റേതായ ചില പ്രശ്നങ്ങളും. എങ്കിലും ഇരുവരും വൈകാതെ തന്നെ ആശുപത്രി വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

തങ്ങള്‍ക്ക് ലഭിച്ച കാപ്പിപ്പൊടിയും വെള്ളവും വച്ച് ജീവൻ പിടിച്ചുനിര്‍ത്തുകയും ടെന്‍റുണ്ടാക്കി ശരീരത്തില്‍ ജീവനെ നിലനിര്‍ത്തുകയും ചെയ്ത ആത്മവിശ്വാസത്തിനും ബുദ്ധിക്കുമെല്ലാം ഖനി തൊഴിലാളികള്‍ക്ക് അഭിനന്ദനപ്രവാഹമാണ് ലഭിക്കുന്നത്. അത്യത്ഭുതകരമായ സംഭവം വലിയ രീതിയിലാണ് വാര്‍ത്തകളിലും ഇടം നേടിയിരിക്കുന്നത്. പ്രതീക്ഷയുടെ പ്രതീകങ്ങളാണ് ഇരുവരെയും ഏവരും വിശേഷിപ്പിക്കുന്നത് തന്നെ.

Post a Comment

Previous Post Next Post
Join Our Whats App Group