ദില്ലി: സീനിയർ അഭിഭാഷകൻ മറ്റൊരു കേസിന്റെ തിരിക്കിലായതിനാൽ കേസ് നീട്ടിവയ്ക്കണമെന്ന് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ട് ജൂനിയർ അഭിഭാഷക. ഇത് പരിഗണിച്ച് കേസ് മാറ്റിവയ്ക്കുക പതിവാണെങ്കിലും സ്വന്തമായി വാദിക്കാൻ മലയാളി അഭിഭാഷകയെ ജസ്റ്റിസ് ദിനേഷ് മഹേശ്വരി പ്രോത്സാഹിപ്പിച്ചതോടെ കോടതി സാക്ഷ്യം വഹിച്ചത് രസകരമായ മുഹൂർത്തത്തിനാണ്. കേരളത്തിൽ നിന്നുള്ള ഒരു കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു ഈ സംഭവം.
സാധാരണ ചില കേസുകളിൽ മുതിർന്ന അഭിഭാഷകർ മറ്റൊരു കേസിന്റെ തിരക്കിലാണെങ്കിൽ ജൂനിയർ അഭിഭാഷകർ സുപ്രീംകോടതി ബെഞ്ചിന് മുന്നിൽ എത്തി കേസ് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെടാറുണ്ട്. ഇത് പരിഗണിച്ച് കോടതി കേസ് മാറ്റിവയ്ക്കാറുമുണ്ട്. എന്നാൽ കേരളത്തിൽ നിന്നുള്ള ഒരു ഹർജിയിൽ ജസ്റ്റിസുമാരായ ദിനേഷ് മഹേശ്വരി, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിൽ നടന്നത് രസകരമായ നിമിഷങ്ങൾ. സീനിയർ അഭിഭാഷകൻ മറ്റൊരു കോടതി മുറിയിൽ വാദിക്കുന്നതിനാൽ കേസ് മാറ്റിവയ്ക്കണമെന്ന് ബെഞ്ചിന് മുന്നിലെത്തിയ മലയാളിയായ ജൂനിയർ അഭിഭാഷക ആവശ്യപ്പെട്ടു. എന്നാൽ ഇപ്പോൾ കേസ് മാറ്റിവച്ചാൽ പിന്നീട് ലിസ്റ്റ് ചെയ്യാൻ സമയം എടുക്കുമെന്നും അതിനാൽ അഭിഭാഷക തന്നെ വാദിക്കാനും ജസ്റ്റിസ് ദിനേഷ് മഹേശ്വരി പറഞ്ഞു. കേസിൽ സീനിയർ അഭിഭാഷക എത്തുന്നതാണ് ഉചിതമെന്ന് ജൂനിയർ അറിയിച്ചെങ്കിലും ഹർജി അഭിഭാഷക തന്നെ വാദിക്കുന്നത് കേൾക്കാൻ ബെഞ്ച് തയ്യാറാണെന്ന് വ്യക്തമാക്കി കോടതി പ്രോത്സാഹിപ്പിച്ചു. ആദ്യം പരിഭ്രമിച്ചെങ്കിലും പിന്നീട് കേസിനെ കുറിച്ചുള്ള വിവരങ്ങൾ അഭിഭാഷക കോടതിക്ക് മുന്നിൽ അറിയിച്ചു. കേസ് ഉച്ചയ്ക്ക് മുൻപ് വീണ്ടും പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.
കേസ് വീണ്ടും പരിഗണിച്ചപ്പോഴേക്കും സീനിയർ അഭിഭാഷകൻ കോടതിയിൽ എത്തിയിരുന്നു. സീനീയർ അഭിഭാഷകനോട് ജൂനിയർ അഭിഭാഷകരെ വാദിക്കാൻ അനുവദിക്കാറില്ലേ എന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി തമാശരൂപേണ ചോദിച്ചു. താൻ വാദിക്കുന്നില്ലെന്നും തന്റെ ജൂനിയർ തന്നെ കേസ് വാദിക്കുമെന്നുമായിരുന്നു സീനിയറിന്റെ മറുപടി. പ്രാഥമിക വാദം കേട്ട കോടതി അടുത്ത ആഴ്ച വിശദമായി കേസ് കേൾക്കാൻ തീരുമാനിച്ചു. അടുത്ത തവണയും ജൂനിയർ അഭിഭാഷക തന്നെ കേസ് വാദിക്കണമെന്നും കോടതി നിർദേശിച്ചു. മുൻ ചീഫ് ജസ്റ്റിസ് യു.യു.ലളിത് നേരത്തെ കോടതിക്ക് മുന്നിൽ രാവിലെ കേസ് പരാമർശിക്കാൻ ജൂനിയർ അഭിഭാഷകർക്ക് അവസരം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.ഏതായാലും ജസ്റ്റിസ് ദിനേഷ് മഹേശ്വരിയുടെ പ്രോത്സാഹാനം കോടതി മുറിക്കുള്ളിലെ മറ്റ് ജൂനിയർ അഭിഭാഷകർക്കും പ്രോത്സാഹനമായിരിക്കുകയാണ്.
Post a Comment