ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുടേയും പാക് ക്രിക്കറ്റർ ഷൊയ്ബ് മാലിക്കിന്റേയും ദാമ്പത്യത്തിൽ വിള്ളലുകൾ വീണുവെന്ന വാർത്ത പുറത്തു വന്നിട്ട് ഏതാനും ദിവസങ്ങളായി. ഇപ്പോൾ ഇരുവരും ഔദ്യോഗികമായി വിവാഹ ബന്ധം വേർപിരിയുന്നുവെന്ന വാർത്തയാണ് പുറത്തു വരുന്നത്. ഇരുവരുടേയും അടുത്ത സുഹൃത്താണ് ഇതുസംബന്ധിച്ച സ്ഥിരീകരണം നൽകിയത്.
ഇരുവരും തമ്മിൽ വേർപിരിയാൻ തീരുമാനിച്ചുവെന്നും ഇനി നിയമപരമായ ചില നടപടികൾ മാത്രമാണ് ബാക്കിയുള്ളതെന്നുമാണ് അടുത്ത സുഹൃത്ത് വെളിപ്പെടുത്തിയത്. സീ ന്യൂസ് ഹിന്ദി റിപ്പോർട്ട് അനുസരിച്ച് സാനിയയും ഷൊയ്ബും നിലവിൽ വേർപിരിഞ്ഞാണ് കഴിയുന്നത്. ഇതിനിടയിൽ വിവാഹബന്ധം വേർപെടുത്തിയെന്ന വാർത്തയും ചില മാധ്യമങ്ങൾ പുറത്തുവിടുന്നുണ്ട്.
ഒരു മകനാണ് ഇരുവർക്കും ഉള്ളത്. മകനൊപ്പം ദുബായിലാണ് സാനിയ മിർസ നിലവിൽ കഴിയുന്നത്. ഷൊയ്ബ് പാക് ചാനിലിനു വേണ്ടി ടി-20 ലോകകപ്പുമായി ബന്ധപ്പെട്ട് സ്വന്തം രാജ്യത്തുമാണ്.
2010 ഏപ്രിലിലാണ് സാനിയ മിർസയും ഷൊയ്ബ് മാലിക്കും വിവാഹിതരായത്. വിവാഹശേഷം ദുബായിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. വിവാഹമോചനത്തെ സംബന്ധിച്ച് ഇരു താരങ്ങളും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Post a Comment