തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കേരള കലാമണ്ഡലത്തിന്റെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കി. സംസ്ഥാനത്തെ കൽപ്പിത സർവകലാശാലയാണ് കലാമണ്ഡലം. സാംസ്കാരിക വകുപ്പിന് കീഴിലാണ് കലാമണ്ഡലം പ്രവർത്തിക്കുന്നത്. ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കിക്കൊണ്ട് സാംസ്കാരിക വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്നതിന്റെ ആദ്യ പടിയായാണ് ഗവർണറെ കേരള കലാമണ്ഡലത്തിന്റെ ചാൻസലർ പദവിയിൽ നിന്ന് നീക്കിയത്.
പുതിയ ചാൻസലർ ചുമതലയേറ്റെടുക്കും വരെ പ്രോ ചാൻസലർ ചാൻസലറുടെ ചുമതല വഹിക്കും. സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി വിഎൻ വാസവനാണ് നിലവിൽ കലാമണ്ഡലം കൽപിത സർവകലാശാലയുടെ പ്രോ വൈസ് ചാൻസലർ. ചട്ട പ്രകാരം സ്പോൺസറാണ് ചാൻസലറെ നിയമിക്കേണ്ടത്. കലാ സാംസ്കാരിക രംഗത്ത പ്രമുഖൻ ചാൻസിലറാകുമെന്നാണ് വിവരം. 75 വയസാണ് പരമാവധി പ്രായമായി നിശ്ചയിച്ചിരിക്കുന്നത്. 2006 മുതൽ സംസ്ഥാന ഗവർണറാണ് കലാമണ്ഡലത്തിന്റെ ചാൻസലർ. സംസ്ഥാനത്തെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള നടപടികളുമായി മുന്നോട്ട് തന്നെയെന്ന് വ്യക്തമാക്കുകയാണ് ഈ ഉത്തരവിലൂടെ ഇടത് സർക്കാർ.
അതിനിടെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ഓർഡിനൻസ് ഗവർണർ മടക്കിയാൽ നിയമസഭയിൽ ബില്ലായി വിഷയം കൊണ്ടുവരുമെന്ന് ഇന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വ്യക്തമാക്കിയിരുന്നു. ഭരണഘടനാപരമായ ചുമതല വഹിക്കാൻ ഗവർണർക്ക് ബാധ്യതയുണ്ട്. അത് അദ്ദേഹം നിർവഹിക്കുമെന്നാണ് കരുതുന്നത്. ഓർഡിനൻസ് മടക്കിയാൽ ഡിസംബറിൽ നിയമസഭ ചേരുമ്പോൾ വിഷയം ബില്ലായി കൊണ്ടുവരുമെന്നും മന്ത്രി ഇന്ന് തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഓർഡിനൻസിന് കഴിഞ്ഞ മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ നടപടി. അഞ്ച് വർഷത്തേക്കാവും കലാമണ്ഡലത്തിന്റെ ചാൻസലർ പദവിയിലേക്ക് നിയമനം നടത്തുകയെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഗവർണറെ നീക്കാനുള്ള ചട്ട ഭേദഗതിയിലേക്ക് സർക്കാർ കടക്കുന്നത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനുള്ള ശക്തമായ സൂചനയാണ്.
ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്നതിൽ സാംസ്കാരിക വകുപ്പിന്റെ വിശദീകരണം ഇങ്ങനെ
കലാമണ്ഡലം കൽപ്പിക സർവ്വകലാശാലയുടെ റൂൾസ് & റെഗുലേഷൻ പ്രകാരം ചാൻസലറെ നിയമിക്കാൻ ഉള്ള അധികാരം സംസ്ഥാന സർക്കാരിലാണ് നിക്ഷ്പ്തമായിരിക്കുന്നത്. ഈ അധികാരം ഉപയോഗിച്ചാണ് സാംസ്കാരിക വകുപ്പ് ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ ഒഴിവാക്കി സർക്കാർ ഉത്തരവ് ഇറക്കിയത് .
2015 ലെ സർക്കാർ ഉത്തരവ് GO (ms) 39/2015/CAD 12.11.2015 പ്രകാരം ആണ് കലാമണ്ഡലം സർവ്വകലാശാലയുടെ ചാൻസിലറായി ഗവർണർ പദവിയിൽ തുടരുന്ന വ്യക്തി ആയിരിക്കും ചാൻസലർ എന്ന വ്യവസ്ഥ ഉൾച്ചേർത്തത് . ഇതിൽ ഭേദഗതി വരുത്തിയാണ് ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്. കലാ സാംസ്കാരിക മേഖലകളിൽ വൈദഗ്ധ്യമുള്ള പ്രഗൽഭരെ നിയമിക്കുന്നതിന് മുന്നോടിയായിട്ടാണ് ചാൻസിലർ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത്. പുതിയ ചാൻസലർ ചുമതലയേറ്റെടുക്കും വരെ പ്രോ ചാൻസലർ ചാൻസലറുടെ ചുമതല വഹിക്കും
Post a Comment