Join News @ Iritty Whats App Group

മക്കളെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവം; പിന്നിൽ കുടുംബ പ്രശ്നങ്ങളെന്ന് സൂചന


മലപ്പുറം കൽപകഞ്ചേരി ചെട്ടിയാൻ കിണറിൽ നാലും ഒന്നും വയസ്സുള്ള രണ്ട് മക്കളെ കൊന്ന ശേഷം അമ്മ ജീവനൊടുക്കി. നാവുനത്ത് വീട്ടിൽറഷീദ് അലിയുടെ ഭാര്യ സഫുവയാണ് ജീവനൊടുക്കിയത്. മക്കളായ ഫാത്തിമ മര്‍ഷീന, മറിയം എന്നിവരെ കൊന്ന ശേഷമാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. മരണത്തിന് പിന്നില്‍ കുടുംബ പ്രശ്നങ്ങളാണ് എന്നാണ് പ്രാഥമികവിവരം.
ഇന്ന് രാവിലെ ആണ് സംഭവം. സഫുവയും മക്കളും കിടന്നിരുന്ന മുറിയുടെ വാതിലില്‍ തട്ടി വിളിച്ചിട്ടും അനക്കം ഇല്ലാത്തതിനെ തുടര്‍ന്ന് വാതില്‍ പൊളിച്ചു അകത്തു കയറിയപ്പോഴാണ് സഫുവയെ ഷാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മക്കളായ ഒരു വയസ്സുള്ള മറിയം, നാലുവയസ്സുകാരി ഫാത്തിമ മര്‍ഷീഹ എന്നിവര്‍ കട്ടിലിലും മരിച്ച നിലയില്‍ കിടക്കുകയായിരുന്നു. മക്കളെ ഷാള്‍ ഉപയോഗിച്ച് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ശേഷം സഫുവയും അതേ ഷാളില്‍ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞദിവസം രാത്രിയില്‍ ഇരുവരും തമ്മിലുണ്ടായ പിണക്കത്തിന്റെ പേരില്‍ റഷീദലി മറ്റൊരു മുറിയിലാണ് കിടന്നിരുന്നത്. തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ 4 മണിയോടെ സഫുവ ഞങ്ങള്‍ പോവുകയാണ് എന്ന് റഷീദലിയുടെ ഫോണിലേക്ക് സന്ദേശം അയച്ചു. 5 മണിയോടെ മെസ്സേജ് ശ്രദ്ധയില്‍ പെട്ട റഷീദലി സഫുവയുടെ മുറിയിലെത്തിയപ്പോഴേക്കും സഫുവ ഷാളില്‍ തൂങ്ങി കിടക്കുന്ന നിലയില്‍ ആയിരുന്നു. ഉടന്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

സഫുവയുടെ ഉമ്മ ആശുപത്രിയിൽ ചികിത്സയിൽ ആണ്. ഇവരെ കാണാൻ പോകണം എന്ന് സഫുവ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസവും ഇതിനെ ചൊല്ലി തർക്കങ്ങൾ ഉണ്ടായിരുന്നു എന്ന് ആണ് പോലീസ് പറയുന്നത്. എന്നാൽ സംഭവിച്ചതിനെ കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കണം എന്ന് സഫുവയുടെ കുടുംബം ആവശ്യപ്പെട്ടു. " മർദ്ദനം സഹിക്കാം മാനസിക പീഡനം സഹിക്കാൻ ആകില്ല, അത് കൊണ്ട് പോകുന്നു " എന്ന് സഹോദരി മരിക്കും മുൻപ് മെസ്സേജ് അയച്ചിരുന്നതായി സഫുവയുടെ സഹോദരൻ തസ്ലിം മാധ്യമങ്ങളോട് പറഞ്ഞു.

മുൻപ് പറയത്തക്ക വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നും എന്താണ് നടന്നത് എന്ന് അന്വേഷിക്കണം എന്നും സഫുവയുടെ പിതാവ് മുഹമ്മദ് കുട്ടി പറഞ്ഞു." മാനസിക പീഡനം ഉണ്ടായിട്ടുണ്ട്. നാല് മണിക്ക് റഷീദ് അലിക്ക് സഫുവ മെസ്സേജ് അയച്ചു എങ്കിലും അക്കാര്യങ്ങൾ ഞങ്ങളെ അറിയിച്ചത് ആറു മണിയോടെ മാത്രം ആണ് . ഞങ്ങൾ ഇതെല്ലാം അറിയാൻ വൈകി . എന്ത് നടന്നു എന്ന് ഞങ്ങൾക്ക് അറിയണം" മുഹമ്മദ് കുട്ടി പറഞ്ഞു. നടന്ന കാര്യങ്ങളിൽ ദുരൂഹത ഉണ്ട്. സമഗ്രമായ അന്വേഷണം പോലീസ് നടത്തണം. സഫുവയുടെ കുടുംബം ആവശ്യപ്പെട്ടു.
കല്‍പകഞ്ചേരി പൊലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു. മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കല്‍പകഞ്ചേരി എസ് എച്ച് ഒ അറിയിച്ചു

Post a Comment

Previous Post Next Post
Join Our Whats App Group