കോഴിക്കോട്: മുൻ എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ കെ എം ഷാജി തെരഞ്ഞെടുപ്പ് ഫണ്ട് സ്വീകരിച്ചത്, തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങൾ ലംഘിച്ചെന്ന് വിജിലൻസ് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് വിജിലൻസ് റിപ്പോർട്ട് നൽകി. കെഎം ഷാജി കോടതിയിൽ സമർപ്പിച്ച രേഖകൾ സഹിതമാണ് റിപ്പോർട്ട് നൽകിയത്.
കണ്ണൂർ അഴീക്കോട്ടെ വീട്ടിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്ത 47.35 ലക്ഷം രൂപ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നും ഇത് വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് കെഎം ഷാജി സമർപ്പിച്ച ഹർജി കഴിഞ്ഞ ദിവസം വിജിലൻസ് കോടതി തള്ളിയിരുന്നു. ഈ ഹർജിയിൽ തന്റെ വാദം തെളിയിക്കാൻ ഷാജി സമർപ്പിച്ച രേഖകൾ സഹിതമാണ് ഇപ്പോൾ വിജിലൻസ് സംഘം തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകിയിരിക്കുന്നത്.
തന്റെ വാദം തെളിയിക്കാൻ 20000 രൂപയുടെ അടക്കം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രസീതുകളും തെളിവായി ഷാജി കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാര്‍ഗ നിര്‍ദേശ പ്രകാരം തെരഞ്ഞെടുപ്പ് ഫണ്ട് വാങ്ങുമ്പോള്‍ പതിനായിരം രൂപക്ക് മുകളില്‍ പണമായി കൈപ്പറ്റാന്‍ പാടില്ലെന്നാണ് ചട്ടം. ഇത് കെഎം ഷാജി ലംഘിച്ചെന്ന് വാദത്തിനിടെ പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഷാജി നല്‍കിയ കണക്കില്‍ ഇത്ര വലിയ തുക ഉണ്ടായിരുന്നില്ലെന്നും വിജിലന്‍സ് കോടതിയെ ബോധിപ്പിച്ചു. ഇക്കാര്യങ്ങളെല്ലാം അംഗീകരിച്ചാണ് കോടതി ഹര്‍ജി തള്ളിയത്. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് ഷാജിയുടെ തീരുമാനം. കോടതി വിധി അനധികൃത സ്വത്ത് സമ്പാദനക്കേസിലും ഷാജിക്ക് തിരിച്ചടിയാകുമെന്നാണ് വിജിലന്‍സിന്‍റെ വിലയിരുത്തല്‍. അനധികൃത സ്വത്ത് സമ്പാദനക്കേസിലായിരുന്നു കെഎം ഷാജിയുടെ അഴീക്കോട്ടെ വീട്ടില്‍ വിജിലന്‍സ് സംഘം കഴിഞ്ഞ ഏപ്രിലില്‍ പരിശോധന നടത്തി പണം പിടിച്ചെടുത്തത്.
Post a Comment