നാളെ മുതൽ നടത്താനിരുന്ന കടയടച്ചിട്ടുള്ള സമരത്തിൽ നിന്നും റേഷൻ വ്യാപാരികൾ പിന്മാറി. റേഷൻ കട അടച്ചിട്ടുള്ള സമരം മാറ്റി വെച്ചതായി സംയുക്ത സമര സമിതി അറിയിച്ചു. വെട്ടിക്കുറച്ച കമ്മീഷൻ പുനസ്ഥാപിക്കാമെന്ന ഭക്ഷ്യ മന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് സമരത്തിൽ നിന്നും പിൻവാങ്ങുന്നതെന്നും സമര സമിതി വ്യക്തമാക്കി.
കമ്മീഷന്‍ വിഷയവുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികൾ കടയടപ്പ് സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാന ഭക്ഷ്യ മന്ത്രി അനിൽ ചർച്ച വിളിച്ച് ചേർക്കുകയും റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ 49 ശതമാനമാക്കാനുള്ള സിവിൽ സപ്ലൈസ് കമ്മീഷണറുടെ ഉത്തരവ് പിൻവലിക്കാമെന്ന് ഉറപ്പ് നൽകുകയുമായിരുന്നു.
ഫണ്ടിന്റെ അപര്യാപ്തത മൂലമാണ് ഒക്ടോബറിലെ കമ്മീഷന്‍ ഭാഗികമായി അനുവദിച്ചതെന്നാണ് മന്ത്രിയുടെ വിശദീകരണം. ഈ സാമ്പത്തിക വര്‍ഷത്തെ റേഷന്‍ വ്യാപാരി കമ്മീഷന്‍ ഇനത്തിലുള്ള ചെലവിലേക്കായി 216 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരുന്നത്. ഇത് ഈ ആവശ്യത്തിന് പര്യാപ്തമായിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ പിഎംജികെഎവൈ പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ള ഭക്ഷ്യ ധാന്യങ്ങളുടെ വിതരണത്തിന്റെ കമ്മീഷനായി നൽകേണ്ടുന്ന തുക ബജറ്റ് വകയിരുത്തലിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഈ വര്‍ഷം ഡിസംബര്‍ വരെ ഈ പദ്ധതി നീട്ടിക്കൊണ്ടുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ ആഗസ്റ്റിലാണ് പ്രഖ്യാപിച്ചത്. ഇതിനാലാണ് ഈ ചെലവ് മുന്‍കൂട്ടി കാണാന്‍ സംസ്ഥാന സര്‍ക്കാരിന് കാണാന്‍ കഴിയാതെപോയതെന്നും മന്ത്രി ചർച്ചയിൽ വിശദീകരിച്ചതോടെയാണ് സമരത്തിൽ നിന്നും പിൻമാറിയത്.
Post a Comment