Join News @ Iritty Whats App Group

ട്രംപിന്റെ അക്കൗണ്ട് പുനസ്ഥാപിച്ച് ട്വിറ്റർ; ഇനിയൊരു തിരിച്ചുവരവില്ലെന്ന് ട്രംപ്



ന്യൂയോർക്ക്: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റർ പുനസ്ഥാപിച്ചു. ട്രംപിനെ ട്വിറ്ററിലേക്ക് തിരികെയെത്തിക്കണോ എന്ന കാര്യത്തിൽ ട്വിറ്റർ മേധാവി എലോൺ മസ്ക് ഒരു അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു. ഇതിന്റെ ഫലത്തെ അടിസ്ഥാനപ്പെടുത്തിയാണ് ട്രംപിന്റെ അക്കൗണ്ട് പുനസ്ഥാപിക്കാൻ തീരുമാനിച്ചത്. യുഎസ് ക്യാപിറ്റോൾ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ട്രംപിന് ട്വിറ്റർ നിരോധനം ഏർപ്പെടുത്തിയത്. 

'ജനങ്ങൾ സംസാരിച്ചു. ട്രംപിനെ തിരിച്ചെടുക്കും' എന്നാണ് വോട്ടെടുപ്പിന് ശേഷം മസ്ക് ട്വീറ്റ് ചെയ്തത്. 'വോക്സ് പോപ്പുലി, വോക്സ് ഡീ' എന്ന ലാറ്റിൻ പദപ്രയോഗവും അദ്ദേഹം ഉപയോഗിച്ചു. 'ജനങ്ങളുടെ ശബ്ദം ദൈവത്തിന്റെ ശബ്ദമാണ്' എന്നാണ് ഇതിന്റെ അർത്ഥം. മസ്കിന്റെ ട്വീറ്റിന് പിന്നാലെ ട്രംപിന്റെ അക്കൗണ്ട് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടു. 

ശനിയാഴ്ചയാണ് എലോൺ മസ്‌ക് ട്വിറ്റർ വോട്ടെടുപ്പ് ആരംഭിച്ചത്. 'മുൻ പ്രസിഡന്റ് ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കണോ?' എന്നായിരുന്നു വോട്ടെടുപ്പ് ചോദ്യം. മൈക്രോ-ബ്ലോഗിംഗ് സൈറ്റിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ നേരിയ വോട്ടിന്റെ വ്യത്യാസമാണ് ഉണ്ടായിരുന്നത്. 51.8 ശതമാനം ഉപയോക്താക്കളും മുൻ അമേരിക്കൻ പ്രസിഡന്റ് ട്വിറ്ററിൽ തിരിച്ചെത്തണമെന്ന് വോട്ട് ചെയ്തു. മാധ്യമ പ്രവർത്തകനായ ജോർദാൻ പീറ്റേഴ്സണിന്റെയും ആക്ഷേപഹാസ്യ വെബ്‌സൈറ്റ് ബാബിലോൺ ബീയുടെയും അക്കൗണ്ടുകൾ മസ്‌ക് നേരത്തെ പുനഃസ്ഥാപിച്ചിരുന്നു. ട്വിറ്ററിലെ കൂട്ട പിരിച്ചുവിടൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന സമയത്താണ് എലോൺ മസ്‌ക് ഈ വോട്ടെടുപ്പ് നടത്തിയത്.  

അതേസമയം, ട്വിറ്ററിലേക്ക് തിരികെയെത്താൻ താല്പര്യമില്ലെന്നാണ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചത്. ഡെമോക്രാറ്റ് ജോ ബൈഡന്റെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വിജയം പ്രഖ്യാപിക്കാൻ തയ്യാറെടുക്കുന്നതിനിടെ ട്രംപിന്റെ അനുയായികൾ യുഎസ് ക്യാപിറ്റോളിലേക്ക് ഇരച്ചുകയറിയതായിരുന്നു അദ്ദേഹത്തിന് ട്വിറ്റർ വിലക്കേർപ്പെടുത്താൻ കാരണം. കൂടുതൽ അക്രമത്തിന് പ്രേരണയാകാനുള്ള സാധ്യത മുന്നിൽക്കണ്ട് ട്രംപിന്റെ അക്കൗണ്ട് സ്ഥിരമായി സസ്പെൻഡ് ചെയ്തതായി ട്വിറ്റർ അറിയിക്കുകയായിരുന്നു. 'അതിന് ഒരു കാരണവും ഞാൻ കാണുന്നില്ല' എന്നാണ് ട്വിറ്ററിലേക്ക് മടങ്ങിയെത്തുമോ എന്ന ചോദ്യത്തിന് മാധ്യമപ്രവർത്തകരോട് ട്രംപിന്റെ പ്രതികരണം. തന്റെ ട്രംപ് മീഡിയ & ടെക്‌നോളജി ഗ്രൂപ്പ് സ്റ്റാർട്ടപ്പ് വികസിപ്പിച്ചെടുത്ത പുതിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ ഉറച്ചുനിൽക്കും. ട്രൂത്ത് സോഷ്യലിൽ ട്വിറ്ററിനേക്കാൾ മികച്ച ഉപയോക്തൃ ഇടപെടലുണ്ടെന്നും അത് അതിശയകരമായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group