Join News @ Iritty Whats App Group

വരന്റെ കൂട്ടുകാർക്ക് ചിക്കൻ കറി വിളമ്പിയില്ല; വിവാഹം മുടങ്ങി; പിന്നെ എല്ലാം കോംപ്രമൈസ്

ഹൈദരാബാദ്: പപ്പടം വിളമ്പാത്തതിനും വിവാഹം ക്ഷണിക്കാത്തതിനും വിവാഹവേദിയിൽ തമ്മിലടിക്കുന്ന പല സംഭവങ്ങളും നാം അടുത്തിടെ കണ്ടിട്ടുണ്ട്. ഇപ്പോൾ വിവാഹം തന്നെ മുടങ്ങിയ വാർത്തയാണ് ഹൈദരാബാദിൽ നിന്നും വരുന്നത്. കല്യാണ വീട്ടിൽ വരന്റെ സുഹൃത്തുക്കൾക്ക് ചിക്കൻ കറി വിളമ്പിയില്ലെന്ന് പറഞ്ഞാണ് കല്യാണം മുടങ്ങിയത്.

ഹൈദരാബാദിലെ ഷാപൂര്‍ നഗറില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. ജഗദ്ഗിരിഗുട്ട റിങ് ബസ്തിയില്‍ സ്വദേശിയായ വരനും കുത്ബുല്ലാപൂരില്‍ നിന്നുള്ള യുവതിയും തമ്മിലായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. ഷാപൂര്‍ നഗറിലെ ഒരു ഓഡിറ്റോറിയത്തില്‍ നിന്നാണ് അത്താഴ സല്‍ക്കാരം നടത്താന്‍ തീരുമാനിച്ചത്.

വധൂവരന്മാര്‍ ബിഹാറില്‍ നിന്നുള്ള മാര്‍വാഡി കുടുംബത്തില്‍ നിന്നുള്ളവരായതിനാല്‍, അവര്‍ വെജിറ്റേറിയന്‍ വിഭവങ്ങളാണ് തയാറാക്കിയിരുന്നത്. വിരുന്നിന്റെ അവസാനം വരന്റെ കൂട്ടുകാര്‍ ഊണ് കഴിക്കാന്‍ എത്തി. അവര്‍ കോഴിയിറച്ചി വയ്ക്കാത്തതിനെ ചൊല്ലി വഴക്കിട്ട് ഭക്ഷണം കഴിക്കാതെ പോയി. ഇക്കാര്യത്തെ ചൊല്ലി വധുവിന്റെയും വരന്റെയും കൂട്ടര്‍ തമ്മില്‍ വഴക്കായി.

ഈ സംഭവത്തിന് പിന്നാലെ വിവാഹം മുടങ്ങുകയായിരുന്നു. തുടർന്ന് വധുവിന്റെ വീട്ടുകാര്‍ ജെഡിമെട്ട്‌ല സിഐ പവനനെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു. രണ്ട് വീട്ടുകാരെയും പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി കൗണ്‍സിലിംഗ് നടത്തി. ഇതിന് പിന്നാലെ ഈ മാസം 30ന് വധൂവരന്മാരുടെ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. മുടങ്ങിപ്പോകുമെന്ന് കരുതിയ വിവാഹം വീണ്ടും നടക്കുമെന്നതിന്റെ സന്തോഷത്തിലാണ് വധുവും വരനും.

ഇത്തരത്തിലുള്ള സംഭവം ഇതാദ്യമായല്ല നടക്കുന്നത്. ജൂണ്‍ മാസത്തില്‍ ഒഡിഷയിലും സമാനമായ സംഭവം നടന്നിരുന്നു. വിവാഹ സദ്യയില്‍ മട്ടന്‍ വിളമ്പിയില്ലെന്ന് ആരോപിച്ചായിരുന്നു അന്ന് കല്യാണം മുടങ്ങിയത്. തൊട്ടടുത്ത ദിവസം തന്നെ യുവാവ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്തു. കല്യാണം മുടങ്ങിയതോടെ വലിയ സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group