കാസർകോട്: യുവതിയോട് അപമര്യാദയായി പെരുമാറിയതിന് കേസെടുത്ത ഡോക്ടറെ കർണാടകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ബദിയടുക്ക സ്വദേശി എസ് കൃഷ്ണമൂർത്തിയെയാണ് റെയിവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുന്താപുരയ്ക്ക് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.
ബദിയടുക്കയിൽ ദന്ത ക്ലിനിക് നടത്തിവരുകയായിരുന്ന കൃഷ്ണമൂർത്തി. ഇക്കഴിഞ്ഞ തിങ്കളാഴ്ച ക്ലിനിക്കിൽ ചികിത്സ തേടിയെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയതിന് കൃഷ്ണമൂർത്തിക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തിരുന്നു.
ഈ സംഭവത്തിന് പിന്നാലെ നാട്ടുകാർ കൃഷ്ണമൂർത്തിയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ക്ലിനിക്കിലേക്ക് മാർച്ച് നടത്തിയ നാട്ടുകാർ കൃഷ്ണമൂർത്തിയെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെ കൃഷ്ണമൂർത്തിയെ സ്ഥലത്തുനിന്ന് കാണാതായി.
ബുധനാഴ്ച കൃഷ്ണമൂർത്തിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ ബദിയടുക്ക പൊലീസിൽ പരാതി നൽകി. അന്വേഷണം നടന്നുവരുന്നതിനിടെയാണ് കുന്താപുരയിൽ റെയിൽപാളത്തിൽ കൃഷ്ണമൂർത്തിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്ക്കരിക്കും.
Post a Comment