Join News @ Iritty Whats App Group

ഗവര്‍ണര്‍ ഖേദം പ്രകടിപ്പിക്കണം; മാധ്യമ വിലക്കിനെതിരെ നാളെ പത്രപ്രവര്‍ത്തക യൂണിയന്റെ രാജ്ഭവന്‍ മാര്‍ച്ച്



തിരുവനന്തപുരം: വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കിയ ഗവര്‍ണറുടെ നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. ഗവര്‍ണര്‍ എന്ന ഭരണഘടനാ പദവിയുടെ അന്തസ്സിനെ കൂടി അപമാനിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കണം. മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള ഈ കടന്നുകയറ്റത്തില്‍ പ്രതിഷേധിച്ച് നാളെ രാവിലെ 11.30ന് രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം.വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍.കിരണ്‍ ബാബുവും അറിയിച്ചു.

പത്രസമ്മേളനത്തില്‍ പങ്കെടുക്കാന്‍ മെയില്‍ അയച്ചു അനുമതി നല്‍കി പേര് പരിശോധിച്ച് അകത്തുകയറ്റിയ ശേഷമാണ് കൈരളി, മീഡിയ വണ്‍ സംഘത്തെ വാര്‍ത്താസമ്മേളന ഹാളില്‍ നിന്നും ഇറക്കിവിട്ടത്. ബോധപൂര്‍വ്വം മാധ്യമങ്ങളെ അപമാനിക്കാനുള്ള ശ്രമമാണിത്. വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി ചോദിച്ചു ജയ്ഹിന്ദ് ടിവി മെയില്‍ നല്‍കിയിരുന്നുവെങ്കിലും അനുമതി നല്‍കിയില്ല.

വിമര്‍ശനങ്ങളോടുള്ള കടുത്ത അസഹിഷ്ണുതയും ജനാധിപത്യ വിരുദ്ധവുമായ നിലപാട് ഗവര്‍ണര്‍ ആവര്‍ത്തിക്കുകയാണ്. കഴിഞ്ഞ തവണ ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഇത്തരത്തില്‍ മാധ്യമവിലക്കുണ്ടായ ഘട്ടത്തില്‍ തന്നെ ഇത് ആവര്‍ത്തിച്ചാല്‍ ശക്തമായ പ്രതിഷേധത്തിലേക്ക് യൂണിയന് പോകേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്നും യൂണിയന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group