Join News @ Iritty Whats App Group

വിവാദ പ്രസ്താവനകളിൽ ഒറ്റപ്പെട്ട് സുധാകരൻ: വിശദീകരണം തേടി എഐസിസി, അതൃപ്തി പരസ്യമാക്കി നേതാക്കൾ


തിരുവനന്തപുരം: നെഹ്റുവിനെക്കുറിച്ചുള്ള വിവാദ പ്രസ്താവനയിൽ കെ.സുധാകരനെതിരെ കോണ്‍ഗ്രസിൽ അമര്‍ഷം മുറുകുന്നു. വിഷയത്തിൽ സുധാകരനോട് എഐസിസി നേരിട്ട് വിശദീകരണം തേടിയെന്ന് കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവ‍ര്‍ ഇന്ന് വ്യക്തമാക്കി.

നെഹ്റുവിനെക്കുറിച്ചുള്ള പ്രസ്താവന നാക്ക് പിഴയാണെന്ന് സുധാകരൻ പറഞ്ഞതായാണ് വിവരം. സംസ്ഥാന നേതൃത്വത്തോടും താരീഖ് അൻവര്‍ ഇന്ന് സംസാരിച്ചു. വിഷയത്തിൽ സുധാകരൻ ഖേദം പ്രകടിപ്പിച്ചു കഴിഞ്ഞുവെന്ന പറഞ്ഞ താരീഖ് അൻവര്‍ അദ്ദേഹത്തിൻ്റെ മറുപടി തൃപ്തികരമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആര്‍ക്കും നാക്ക് പിഴയുണ്ടാകാമെന്നും ഭാവിയിൽ ഇത്തരം പ്രസ്താവനകൾ ഉണ്ടാകില്ലെന്ന് സുധാകരൻ ഉറപ്പ് നൽകിയിട്ടുണ്ടെന്നും പറഞ്ഞ താരീഖ് അൻവര്‍ തത്കാലം ഹൈക്കമാൻഡ് സുധാകരനെ കൈവിടില്ലെന്ന് സൂചനയാണ് നൽകുന്നത്. 

എന്നാൽ കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിലും യുഡിഎഫ് മുന്നണിയിലും സുധാകരനെതിരെ അമര്‍ഷം ശക്തമാണ്. മുസ്ലീം ലീഗ് തങ്ങളുടെ അമര്‍ഷം ഇതിനോടകം പരസ്യപ്പെടുത്തി കഴിഞ്ഞു. നാളെ കോഴിക്കോട് ചേരുന്ന ലീഗിൻ്റെ ഉന്നതാധികാര സമിതി യോഗം ഈ വിഷയം ചര്‍ച്ച ചെയ്യും. ഇതിന് ശേഷമുള്ള ലീഗ് നിലപാട് എന്താവും എന്നത് നിര്‍ണായകമാണ്. 

കെ സുധാകരൻ തിരുത്തണമെന്ന് പരസ്യമായി പറഞ്ഞ കെ മുരളീധരൻ പാര്‍ട്ടിക്കുള്ളിൽ സുധാകരനെതിരെ ഉയരുന്ന അതൃപ്തിയും രോഷവും കൂടിയാണ് പ്രകടമാക്കിയത്. ഖേദപ്രകടനം കൊണ്ടായില്ലെന്നും ലീഗിനെ അടക്കം വിശ്വാസത്തിൽ എടുത്തുള്ള തിരുത്തൽ വേണമെന്നും മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

അടിക്കടി സുധാകരന്‍ നടത്തുന്ന പ്രസ്താവനകളിലെ കടുത്ത അതൃപ്തിയാണ് വി ഡി സതീശന്‍ അടക്കമുള്ള നേതാക്കൾ വ്യക്തമാകുന്നത്. മതേതര നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്നും പരാമര്‍ശം എല്ലാവരേയും ബാധിക്കുമെന്ന സതീശന്‍റെ പ്രതികരണത്തിലൂടെ വിവാദത്തില്‍ സുധാകരന്‍ ഒറ്റപ്പെടുവന്നുവെന്ന് വ്യക്തമാകുകയാണ്.  

ആര്‍എസ്എസ് ശാഖക്ക് സംരക്ഷണം കൊടുത്തുവെന്ന പ്രസ്താവനയിലെ ന്യായീകരണം തൊണ്ട തൊടാതെ വിഴുങ്ങാന്‍ നേതാക്കളില്‍ ഒരു വിഭാഗം തയ്യാറായിരുന്നില്ല. പിന്നാലെ വര്‍ഗീയതയോട് നെഹ്റു സന്ധി ചെയ്കതുവെന്ന പ്രസ്താവന കൂടി വന്നതോടെ പാര്‍ട്ടി തന്നെ വെട്ടിലായിരിക്കുകയാണ്. 

പ്രാദേശിക തലങ്ങളില്‍ പോലും സുധാകരന്‍റെ പ്രസ്താവനക്കെതിരെ കടുത്ത അമര്‍ഷം ഉയരുമ്പോള്‍ നേതൃത്വം അമ്പേ പ്രതിരോധത്തിലാകുകയാണ്. ലീഗടക്കമുള്ള ഘടകകക്ഷികളുടെ പ്രതിഷേധവും കോണ്‍ഗ്രസിനെ ക്ഷീണമാകുന്നു. ഈ സാഹചര്യത്തിലാണ് നേതൃത്വത്തില്‍ ഒരു വിഭാഗത്തിന്‍റെ ആശിര്‍വാദത്തോടെ ചില എംപിമാരടക്കം സുധാകരനെതിരെ നടപടി ആവശ്യപ്പെട്ട് എഐസിസിയെ സമീപിച്ചിരിക്കുകയാണ്. സുധാകരന്‍റെ വരവോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ അപ്രസക്തരായ നേതാക്കളും പടയൊരുക്കത്തിന് പിന്നിലുണ്ട്. തെരഞ്ഞെടുപ്പുകള്‍ അതി വിദൂരത്തിലല്ലാത്തതിനാല്‍ ഘടകകക്ഷികളുടെ അതൃപ്തി ദേശീയ നേതൃത്വത്തേയും ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്

പാര്‍ട്ടി പുനസംഘടന മുന്‍പിലുള്ളതിനാല്‍ സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവും ഒരു വിഭാഗം ഉയര്‍ത്തുണ്ട്. ആര്‍എസ്എസ് മനസുള്ളവര്‍ക്ക് പാര്‍ട്ടിക്ക് പുറത്ത് പോകാമെന്ന രാഹുല്‍ഗാന്ധിയുടെ നിലപാടടക്കം ചൂണ്ടിക്കാട്ടിയാണ് സുധാകരനെതിരെ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ചുമതലയില്‍ നിന്ന് മാറിയെങ്കിലും കേരളത്തിന്‍റെ ചാര്‍ജുണ്ടായിരുന്ന ജനറല്‍സെക്രട്ടറി താരിഖ് അന്‍വറിനോട് നേതൃത്വം പ്രാഥമിക റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സുധാകരന്‍ വിശദീകരണം നല്‍കേണ്ടി വരും.

Post a Comment

Previous Post Next Post
Join Our Whats App Group