ബെൽത്തങ്ങാടി: കർണാടകയിലെ ദക്ഷിണ കന്നഡയിലുള്ള ബെൽത്തങ്ങാടിയിൽ വിഷ കൂണുകൾ കഴിച്ച് അച്ഛനും മകനും മരിച്ചു. പടുവെട്ട് താലൂക്കിലുള്ള പല്ലാഡപാൽക്ക എന്ന പ്രദേശത്താണ് ദാരുണ സംഭവം ഉണ്ടായത്. 80കാരനായ ഗുരുവയും അദ്ദേഹത്തിന്റെ മകൻ 41കാരനായ ഒഡിയപ്പയുമാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ വീട്ടിനടുത്ത് നിന്നും ചൊവ്വാഴ്ച കണ്ടെത്തി. ഗുരുവ മക്കളായ ഒഡിയപ്പയ്ക്കും കർത്തയ്ക്കും ഒപ്പമാണ് താമസിച്ചിരുന്നത്. കുടുംബം കടുത്ത ദാരിദ്ര്യത്തിലാണ് കഴിഞ്ഞ് പോന്നിരുന്നതെന്നാണ് റിപ്പോർട്ടുകൾ.
അടുത്തുള്ള കാട്ടിൽ നിന്നും ലഭിച്ച കൂൺ പാകം ചെയ്ത് കറി വെച്ചത് ഒഡിയപ്പയാണ്. അന്നത്തെ ദിവസം കർത്ത നഗരത്തിലേക്ക് പോയിരുന്നു. രാത്രി അദ്ദേഹം തിരികെ വന്നിരുന്നില്ല. രാവിലെ കർത്ത തിരിച്ചെത്തിയപ്പോഴാണ് സഹോദരനെയും അച്ഛനെയും വീട്ടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ധർമസ്ഥല പോലീസ് സംഭവസ്ഥലത്തെത്തി മൃതദേഹം പരിശോധിച്ച് അന്വേഷണ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.
കൂൺ കറി കഴിച്ച ഗുരുവയ്ക്കും ഒഡിയപ്പയ്ക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായെന്നാണ് കരുതുന്നത്. ഇരുവരും നിലത്ത് വീഴുകയും ഛർദ്ദിക്കുകയും മലമൂത്ര വിസർജ്ജനം നടത്തുകയും ചെയ്തിട്ടുണ്ട്. ഇവർക്ക് അയൽവാസികളൊന്നും തന്നെയില്ല. അതിനാൽ തന്നെ ഇരുവരും അസ്വാസ്ഥ്യം പ്രകടിപ്പിച്ചത് ആരും തന്നെ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല.
ഒഡിയപ്പ മാനസിക അസ്വാസ്ഥ്യം ഉള്ള വ്യക്തിയാണ്. അതിനാൽ തന്നെ ചില സമയങ്ങൾ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുകയും മറ്റും ചെയ്യാറുണ്ട്. സമീപ പ്രദേശത്തുള്ളവർ അതിനാൽ തന്നെ ഈ വീട്ടിൽ നിന്നുള്ള ശബ്ദത്തെ അത്ര കാര്യമായി എടുക്കാറില്ല. വീട്ടിൽ നിന്ന് ശബ്ദവും മറ്റും ഉണ്ടായിട്ടും ആരും എത്താതിരുന്നത് ഇത് കൊണ്ടാണെന്നാണ് കരുതുന്നത്. വീട്ടിലെ അടുക്കളയിൽ നിന്നും കൂൺ കറി കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് മരണകാരണം വിഷക്കൂണുകൾ കഴിച്ചതാവാമെന്ന നിഗമനത്തിൽ പോലീസ് എത്തിയത്.
ഈ വർഷം ഏപ്രിലിൽ അസമിൽ വിഷക്കൂൺ കഴിച്ച് ആറു വയസുള്ള കുട്ടിയും സ്ത്രീകളും അടക്കം 13 പേർ മരിച്ചിരുന്നു. അസമിലെ തേയില തോട്ടങ്ങളിലെ തൊഴിലാളികളാണ് മരിച്ചവരിൽ അധികവും. കിഴക്കൻ അസമിലെ ചറൈഡിയോ, ദിബ്രുഗഢ്, ശിവസാഗർ, ടിൻസുകിയ ജില്ലകളിൽ നിന്നുള്ള തേയിലത്തോട്ടങ്ങളില്‍ നിന്നായി 35 പേരാണ് വിഷക്കൂണ്‍ കഴിച്ചതിനെത്തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്
Post a Comment