കോട്ടയം: പാർട്ടി ഓഫീസിലെ തർക്കത്തെ തുടർന്ന് കുഴഞ്ഞു വീണ പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു. കോട്ടയം കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റും കേരള കോൺഗ്രസ് എം നേതാവുമായ ജോയ് കല്ലുപുരയാണ് മരിച്ചത്. ഈ മാസം 7നാണ് കടപ്ലാമറ്റത്തെ കേരള കോൺഗ്രസ് എം ഓഫീസിൽ ജോയ് കുഴഞ്ഞു വീണത്.
ജോയിക്ക് കേരള കോൺഗ്രസ് എം നേതാക്കളിൽ നിന്ന് മാനസിക പീഡനം ഉണ്ടായെന്ന് കാട്ടി ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ജോയി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് സംഘർഷമുണ്ടായതും ജോയ് കുഴഞ്ഞു വീണതും.
അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിയുമായി ജോയി കല്ലുപുരയ്ക്ക് അടുത്ത ബന്ധമാണുണ്ടായിരുന്നത്. 1964 ൽ കേരളാ കോൺഗ്രസ് രൂപീകൃതമായപ്പോൾ കല്ലുപുര കുടുംബത്തിൽ വച്ചായിരുന്നു കേരളാ കോൺഗ്രസിന്റെ ആദ്യ യോഗം. അന്ന് ഇലയ്ക്കാട് പഞ്ചായത്ത് എന്നറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ കടപ്ലാമറ്റം പഞ്ചായത്തിലെ കേരളാ കോൺഗ്രസിന് ഊടും പാവും നെയ്തത് കല്ലുപുര കുടുംബത്തിൽ വച്ചായിരുന്നു. കേരളാ കോൺഗ്രസിന്റെ ആദ്യകാല നേതാക്കളായ കെ എം ജോർജ്, ആർ ബാലകൃഷ്ണ പിള്ള , ഇ ജോൺ ജേക്കബ്ബ്, ജോസഫ് പുലിക്കുന്നേൽ, ഡോക്ടർ ജോർജ് മാത്യു എന്നെ നേതാക്കൾ ഈ കുടുംബത്തിലെ നിത്യ സന്ദർശകരായിരുന്നു.
ഒരിക്കൽ കെ എം മാണിക്ക് സഞ്ചരിക്കാൻ വാഹനം ആവശ്യമായി വന്നപ്പോൾ കുടുംബത്തിലെ തേങ്ങാ ഇടീലിന്റെ പണം മൊത്തം കൊടുത്താണ് അക്കാലത്ത് ജീപ്പ് വാങ്ങി കെ എം മാണിക്ക് ജോയി കല്ലുപുര നൽകിയതെന്നാണ് പ്രവർത്തകർ പറയുന്നത്.
Post a Comment