ന്യുഡല്‍ഹി: സുപ്രീം കോടതിയുടെ അമ്പതാമത് ചീഫ് ജസ്റ്റീസായി ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് ചുമതലയേറ്റു. ജസ്റ്റീസ് യു.യു ലളിത് ഇന്നലെ വിരമിച്ച സാഹചര്യത്തിലാണ് പുതിയ ചീഫ് ജസ്റ്റീസ് ചുമതയേല്‍ക്കുന്നത്. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യാവാചകം ചൊല്ലിക്കൊടുത്തു.
2024 നവംബര്‍ 10 വരെയാണ് ജസ്റ്റീസ് ചന്ദ്രചൂഡ് ചുമതല വഹിക്കുക. 74 ദിവസം മാത്രമായിരുന്നു ജസ്റ്റീസ് യു.യു ലളിത് ചുമതല വഹിച്ചത്.
2016 മേയ് 16ന് സുപ്രീം കേടതി ജഡ്ജിയായിയായ ഡി.വൈ ചന്ദ്രചൂഡ് നിരവധി ഭരണഘടനാ ബെഞ്ചുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അയോധ്യ തര്‍ക്ക ഭൂമി കേസ്, സ്വകാര്യത അവകാശം അടക്കം നിരവധി സുപ്രധാന വിധി പ്രസ്താവത്തില്‍ പങ്കാളിയായിട്ടുണ്ട്.
രാജ്യത്ത് സ്വവര്‍ഗ ബന്ധത്തിലുള്ള നിയപരമായ വിലക്ക് ഒഴിവാക്കി കൊണ്ട് ഐപിസി സെക്ഷന്‍ 377 ഭാഗികമായി ഇല്ലാതാക്കിയ വിധിയിലും ആധാര്‍ പദ്ധതി, ശബരിമല വിധികളിലും ജസ്റ്റീസ് ചന്ദ്രചൂഡിന്റെ കൈയ്യൊപ്പുണ്ട്.
കോവിഡ് കാലത്ത് ജനങ്ങള്‍ നേരിട്ട ദുരിതങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്ന ഹര്‍ജികളിലും അവിവാഹിതര്‍ക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കുന്നതും അടക്കമുള്ള നിര്‍ണായക വിധികളിലും പങ്കാളിയാണ്.
മുന്‍ ചീഫ് ജസ്റ്റീസായിരുന്ന ജസ്റ്റീസ് വൈ.വൈ ചന്ദ്രചൂഡിന്റെ മകനാണ് ഡി.വൈ ചന്ദ്രചൂഡ്. ഏഴ് വര്‍ഷമാണ് വൈ.വൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റീസായി പ്രവര്‍ത്തിച്ചത്. പിതാവിന്റെ വിധികള്‍ രണ്ടു തവണ തിരുത്തിയ ചരിത്രവും ഡി.വൈ ചന്ദ്രചൂഡിനുണ്ട്. പിതാവിന് ശേഷം 44 വര്‍ഷം കഴിഞ്ഞാണ് മകന്‍ ഈ പദവിയില്‍ എത്തുന്നത്.
സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് ധനതത്വ ശാസ്ത്രത്തില്‍ ബിരുദവും ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എല്‍എല്‍ബിയും യു.എസിലെ ഹാര്‍വാര്‍ഡ് ലോ സ്‌കൂളില്‍ നിന്ന് എല്‍എല്‍എമ്മും ഡോക്ടറേറ്റും നേടിയ ഡി.വൈ ചന്ദ്രചൂഡ് സുപ്രീം കോടതിയിലും ബോംബെ ഹൈക്കോടതിയിലൂം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്നു. മുംബൈ യൂണിവേഴ്‌സിറ്റിയില്‍ കംപാരറ്റീവ് കോണ്‍സ്റ്റിറ്റിയൂഷണല്‍ ലോയില്‍ വിസിറ്റിംഗ് പ്രൊഫസറുമായിരുന്നു.
1998ല്‍ ബോംബെ ഹൈക്കോടതി സീറിയര്‍ അഭിഭാഷകനായി ഉയര്‍ത്തി. തുടര്‍ന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറലായും പ്രവര്‍ത്തിച്ചു. ബോംബെ ഹൈക്കോടതി ജഡ്ജിയായും അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റീസായും പ്രവര്‍ത്തിച്ച ശേഷമാണ് സുപ്രീം കോടതിയില്‍ നിയമിതനാകുന്നത്.
Post a Comment