കൊച്ചി: സാങ്കേതിക സര്‍വകലാശാലയില്‍ ചുമതലയേല്‍ക്കാനെത്തിയ വി.സിയെ തടയാന്‍ ശ്രമം. ഗേറ്റിനു മുന്നില്‍ എസ്എഫ്‌ഐയുടെ പ്രതിഷേധമുണ്ടായിരുന്നു. ഇവരെ മറികടന്ന് വിസി ഡോ. സിസ തോമസിനെ പോലീസ് കാമ്പസിനുള്ളില്‍ കയറ്റി. അകത്ത് ജീവനക്കാരുടെ സംഘടനയായ കെ.ജി.ഒ.എ നേതൃത്വത്തില്‍ ഇവരെ തടയാന്‍ ശ്രമം നടന്നു. എന്നാല്‍ ഇത് പ്രതിരോധിച്ച് പോലീസ് വി.സിയെ ഓഫീസില്‍ എത്തിച്ചു.
സര്‍ക്കാര്‍ നിര്‍ദേശിച്ച രണ്ട് പേരുകള്‍ മറികടന്ന് ഇന്നലെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഡോ.സിസാ തോമസിനെ നിയമിച്ചത്. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് വി.സിയുടെ ചുമതല നല്‍കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം.
സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് വി.സിയായുള്ള ഡോ.രാജശ്രീയുടെ നിയമനം റദ്ദാക്കപ്പെട്ടതോടെയാണ് പുതിയ വി.സിയെ നിയമിച്ചത്.
പ്രതിഷേധം പ്രതീക്ഷിച്ചതാണെന്നും ജീവനക്കാര്‍ ഒപ്പം നിന്നാല്‍ മാത്രമേ ജോലി നിര്‍വഹിക്കാന്‍ കഴിയുവെന്നും വി.സി മാധ്യമങ്ങളോട് പ്രതികരിച്ചു. അധിക ചുമതല താത്ക്കാലികമാണ്. പുതിയ വി.സി വരുന്നത് വരെ അത് നിറവേറ്റും. ഇത്രയും പ്രധാനപ്പെട്ട ഒരു സര്‍വകലാശാലയില്‍ ഒരു വി.സി ഇല്ലാതിരിക്കാന്‍ പറ്റുന്നില്ല. കുട്ടികളുടെ കാര്യങ്ങള്‍ ഭംഗിയായി നടക്കും. സര്‍ട്ടിഫിക്കറ്റ് വൈകുന്നത് കൊണ്ട് പല കുട്ടികള്‍ക്കും ജോലിക്ക് ബുദ്ധിമുട്ടുണ്ടാകുന്നു. സമരം ചെയ്യുന്നവര്‍ക്ക് അവരുടെതായ കാരണം കാണും. അവരോട് ഒന്നും പറയാനില്ലെന്നും ഡോ.സിസ പറഞ്ഞു.
ശാസ്ത്ര സാങ്കേതിക വകുപ്പില്‍ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ആണ് ഡോ.സിസ തോമസ്.
Post a Comment