കാമുകിയെ കൊന്ന് 35 കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. അഫ്താബ് അമീൻ പൂനെവാലെയാണ് കാമുകി ശ്രദ്ധയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ചത്. ഇരുവരും ഒന്നിച്ചായിരുന്നു താമസം. കൊലപാതകത്തിനു ശേഷം തെളിവു നശിപ്പിക്കാൻ അഫ്താബ് കൃത്യമായ പദ്ധതികൾ തയ്യാറാക്കിയിരുന്നതായാണ് ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് പൊലീസിന് വ്യക്തമായത്.
ശ്രദ്ധയെ കൊലപ്പെടുത്തിയതിനു ശേഷം അഫ്താബ് മൃതദേഹങ്ങൾ കഷ്ണങ്ങളാക്കി. 300 ലിറ്ററിന്റെ ഫ്രിഡ്ജ് വാങ്ങിച്ചാണ് കഷ്ണങ്ങളാക്കിയ മൃതദേഹം സൂക്ഷിച്ചത്. ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ ദിവസങ്ങളെടുത്താണ് കഷ്ണങ്ങളാക്കിയ മൃതദേഹം അഫ്താബ് ഉപേക്ഷിച്ചത്. പതിനാറ് ദിവസം ഇതിനായി എടുത്തുവെന്നും ഇയാൾ പൊലീസിനോട് സമ്മതിച്ചു. ശ്രദ്ധയും താനും ഒന്നിച്ചായിരുന്നു താമസമെന്നും അഫ്താബ് പൊലീസിനോട് സമ്മതിച്ചു.
ഫ്രിഡ്ജിൽ സൂക്ഷിച്ച മൃതദേഹാവശിഷ്ടങ്ങൾ ദിവസങ്ങളെടുത്താണ് വിവിധ ഭാഗങ്ങളിൽ ഉപേക്ഷിച്ചത്. ദിവസവും അർധരാത്രി ഓരോ കഷ്ണങ്ങളുമായി ഫ്ളാറ്റിൽ നിന്നും പുറത്തിറങ്ങും. കൃത്യമായി 18 ദിവസം കൊണ്ടാണ് 35 കഷ്ണങ്ങളാക്കിയ മൃതദേഹം 18 സ്ഥലങ്ങളിൽ ഉപേക്ഷിച്ചത്. മൃതദേഹത്തിൽ നിന്നും ദുർഗന്ധം പുറത്തുവരാതിരിക്കാൻ ചന്ദനത്തിരി കത്തിച്ചുവെച്ചിരുന്നതായും ഇയാൾ സമ്മതിച്ചു.
മെയ് പതിനെട്ടിനാണ് അഫ്താബ് ശ്രദ്ധയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ശ്രദ്ധ വിവാഹ ആവശ്യം ഉന്നയിച്ചതോടെ തർക്കമുണ്ടായെന്നും ഒടുവിൽ കൊലപ്പെടുത്തുകയുമായിരുന്നു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് മൃതദേഹം കഷ്ണങ്ങളാക്കി. ഇവ സൂക്ഷിക്കാൻ ഫ്രിഡ്ജും വാങ്ങി. കൊലപാതകം നടന്ന് അഞ്ച് മാസത്തിനു ശേഷമാണ് ചുരുളഴിയുന്നത്. ഇന്നാണ് അഫ്താബിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
Post a Comment