കൊച്ചി:റേഷൻ വ്യാപാരികൾക്കുള്ള കമ്മീഷൻ ഡിസംബർ 23നകം കൊടുത്തുതീർക്കണമെന്ന് ഹൈക്കോടതി. ഈ വർഷത്തെ ഓണക്കിറ്റ് വിതരണത്തിലേതടക്കമുള്ള കമ്മീഷൻ അടക്കം വ്യാപാരികൾക്ക് നൽകണം എന്നാണ് ഹൈക്കോടതി ഉത്തരവ്. കുടിശ്ശിക തീർക്കാൻ വൈകുന്ന പക്ഷം ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭക്ഷ്യ സിവിൽ സപ്ലൈസ് സെക്രട്ടറിക്കും സിവിൽ സപ്ലൈസ് കമ്മീഷണർക്കുമാണ് ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്. റേഷൻ ഡീലർമാർ നൽകിയ കോടതിലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കുടിശ്ശിക കമ്മീഷൻ വിതരണം ചെയ്യാൻ കഴിഞ്ഞ ഫെബ്രുവരിയിൽ കോടതി ഉത്തരവിട്ടിരുന്നു. ഇത് നടക്കാതെ വന്നതോടെയാണ് കോടതിലക്ഷ്യ ഹർജിയുമായി റേഷൻ വ്യാപാരികൾ ഹൈക്കോടതിയെ സമീപിച്ചത്. കമ്മീഷൻ കുടിശ്ശിക സർക്കാർ നൽകാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ നേരത്തെ സമരം പ്രഖ്യാപിച്ചിരുന്നു.
റേഷൻ വ്യാപാരികൾക്കുള്ള കുടിശ്ശിക ഡിസംബർ 23-നകം കൊടുത്ത് തീർക്കണമെന്ന് ഹൈക്കോടതി
News@Iritty
0
Post a Comment