മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇരുപത് വർഷം തടവ്. പിണ്ടിമന ഭൂതത്താൻകെട്ട് സ്വദേശി ബിനുവിനെയാണ് മൂവാറ്റുപുഴ പോക്സോ കോടതി ശിക്ഷിച്ചത്. 2018 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ബസ് കാത്ത് നിന്ന പെൺകുട്ടിയെ സ്കൂളിലാക്കാം എന്ന് പറഞ്ഞ് പ്രതി കാറിൽ കയറ്റി കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.
അതേസമയം, ആറു വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 10വർഷം കഠിനതടവും 50,000 രൂപ പിഴയും. കളമശ്ശേരി കൂനംതൈ ഭാഗം മധുകപ്പിള്ളി വീട്ടിൽ രാജീവിനെയാണ് (44) എറണാകുളം പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി കെ. സോമൻ ശിക്ഷിച്ചത് . 2019 ഫെബ്രുവരിലായിരുന്നു കേസിനാസ്പദമായ സംഭവം. ഒന്നാം ക്ലാസുകാരിയായ പെൺകുട്ടി സ്കൂളിൽ പോകുന്നതും വരുന്നതും പ്രതിയുടെ ഓട്ടോയിൽ ആയിരുന്നു. മറ്റു കുട്ടികളെല്ലാം ഇറങ്ങി അവസാനമാണ് പെൺകുട്ടി വീട്ടിൽ ഇറങ്ങിയിരുന്നത്. ഇത് മുതലെടുത്താണ് പ്രതി ആളൊഴിഞ്ഞ ഭാഗത്ത് ഓട്ടോ നിർത്തി പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തെത്തുടർന്ന് പെൺകുട്ടി വീട്ടിലെത്തി മാതാവിനോട് വിവരം പറയുകയായിരുന്നു.
തുടർന്ന് കുട്ടിയുടെ അച്ഛന്റെ പരാതിയിൽ കേസെടുത്ത കളമശ്ശേരി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ മാതാപിതാക്കളുടെ വിശ്വാസം ദുരുപയോഗം ചെയ്ത് കുറ്റകൃത്യം നടത്തിയ പ്രതി യാതൊരു തരത്തിലുള്ള ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞു. പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴത്തുക പെൺകുട്ടിക്ക് നൽകുവാനും കോടതി ഉത്തരവിട്ടു. കളമശ്ശേരി എസ്ഐ മാരായിരുന്ന ആന്റണി ജോസഫ് നെറ്റോ, പി.ജി. മധു എന്നിവർ ചേർന്നാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പി.എ. ബിന്ദു, അഡ്വ. സരുൺ മാങ്കറ തുടങ്ങിയവർ ഹാജരായി.
Post a Comment