തിരുവനന്തപുരം : സംസ്ഥാനത്തേക്ക് ലഹരി കടത്തിലെ മുഖ്യ കണ്ണികളായ 1681 പേരുടെ പട്ടിക തയ്യാറാക്കി പൊലീസ്. സംസ്ഥാനത്തേക്കുള്ള ലഹരി ഒഴുക്ക് തടയുന്നതിൻെറ ഭാഗമായി സ്ഥിരം കുറ്റവാളികളുടെ പട്ടികയാണ് പൊലീസ് തയ്യാറാക്കിയത്. ലഹരി കടത്തുകാരിൽ നിന്നും 162 പേരെ കരുതൽ തടങ്കലിൽ വയ്ക്കാനുള്ള ശുപാർശയും പൊലീസ് സർക്കാരിന് നൽകി.
ലഹരിക്കെതിരെ സംസ്ഥാനത്ത് വലിയ പ്രചാരണ പ്രവർത്തനങ്ങളും അന്വേഷണവും തുടങ്ങിയ പശ്ചാത്തത്തിലാണ് ക്രിമിനൽ സംഘത്തിൻെറ പട്ടിക തയ്യാറാക്കിയ മാതൃകയിൽ ലഹരി കടത്തുകാരുടെ പട്ടികയും തയ്യാറാക്കിയത്. സംസ്ഥാനത്ത് ലഹരി കടത്തുകയും വിൽപ്പന നടത്തുകയും ചെയ്തതിന് പൊലീസും എക്സൈസും ആയിരക്കണക്കിന് പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വർഷം ഒക്ടോബർ വരെയുള്ള കണക്കിൽ 24,779 പേരെ പൊലീസ് മാത്രം ലഹരി കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാന ലഹരി കടത്തുകാരിൽ നിന്നും ചില്ലറ വിൽപ്പനയ്ക്കായി വാങ്ങുന്നവരും ക്യാരിയർമാരുമെല്ലാം ഇതിൽ ഉള്‍പ്പെടും. എന്നാൽ സംസ്ഥാനത്ത് ലഹരിമാഫിയെ നിയന്ത്രിക്കുന്നുവെന്ന് കണ്ടെത്തിയവരുടെ പട്ടികയാണ് പ്രത്യേകം തയ്യാറാക്കിയത്. വൻതോതിൽ ലഹരി കടത്തി വിൽപ്പന നടത്തുന്നവർ, നിരവധി പ്രാവശ്യം ലഹരി കേസിൽ ഉള്‍പ്പെടുന്നവർ, രാജ്യാന്തര ബന്ധമുള്ളവർ എന്നീ വിഭാഗത്തിൽപ്പെട്ടവരെയാണ് പ്രത്യേകപട്ടികയിൽ ഉല്‍പ്പെടുത്തിയത്. 1681 പേരുടെ പട്ടികയാണ് ക്രമസമാധാന ചുമതലയുള്ള എഡിപിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയത്.
ജില്ലാ പൊലിസ് മേധാവിമാരുടെ നേതൃത്വത്തിൽ ഇൻറലിജൻസിൻെറ കൂടി സഹായത്തോടെ അതീവ രഹസ്യമാക്കിയാണ് ഓരോ ജില്ലയിലും പട്ടിക തയ്യാറാക്കി കൈമാറിയത്. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ ലഹരികടത്തുകാരുള്ളതെന്നാണ് പൊലീസ് കണക്ക്. 465 പേരാണ് പട്ടികയിലുള്ളത്. വയനാടും കാസർഗോഡും 210 പേരുണ്ട്. കൊല്ലം സിറ്റിയിൽ 189 പേരുണ്ട്. കോഴിക്കോട് റൂറലിൽ 184 കുറ്റവാളികളും പട്ടികയിലുണ്ട്. സ്ഥിരം കുറ്റവാളികളെ ഒരു വർഷം കരുതൽ തടങ്കലില്‍ പാർപ്പിക്കും.
നാർക്കോട്ടിക് നിയമ പ്രകാരം പട്ടികയിലുള്ള 162 പേരെ കരുതൽ തടങ്കിൽ പാർപ്പിക്കാനുള്ള നടപടി തുടങ്ങി. പൊലീസ് നൽകുന്ന ശുപാർശയിൽ ഉത്തരവിടേണ്ടത് ആഭ്യന്തര സെക്രട്ടറിയാണ്. പൊലീസ് ശുപാർശയിൽ കരുതൽ തടങ്കിലിന് ഇതേവരെ ഉത്തരവിറങ്ങിയിട്ടില്ല. ലഹരി കച്ചവടത്തിൽ നിന്നും സ്വത്ത് സമ്പാദിച്ച 114 പേരുടെ സ്വത്തു കണ്ടെത്താനുള്ള നടപടികളും പുരോഗമിക്കുകയാണ്.ലഹരി കടത്തിലൂടെ സ്വത്തു സമ്പാദനം നടത്തിയവർ എറണാകുളത്താണ് കൂടുതൽ. 65 പേർ ലഹരി കടത്തിലൂടെ സ്വത്തു സമ്പാദനം നടത്തിയെന്നാണ് കണ്ടെത്തൽ
Post a Comment