Join News @ Iritty Whats App Group

ഇലന്തൂരിൽ ഇനിയും മൃതദേഹങ്ങളുണ്ടെന്ന് സൂചന; JCBയുമായി പറമ്പ് കുഴിച്ചു നോക്കാൻ പൊലീസ് തയാറെടുക്കുന്നു

പത്തനംതിട്ട: ഇലന്തൂർ നരബലിക്കേസിൽ ചോദ്യം ചെയ്യൽ തുടരുന്നതിനിടെ നിർണായക നീക്കവുമായി അന്വേഷണസംഘം. ഇരട്ട നരബലി നടന്ന വീട്ടിലെ പറമ്പിൽ ശനിയാഴ്ച വിശദമായ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം. ജെസിബിയുമായി പറമ്പ് കുഴിച്ചുനോക്കും. പറമ്പിൽ കൂടുതൽ മൃതദേഹങ്ങളുണ്ടെന്ന സൂചനയെ തുടർന്നാണിത്. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിൽനിന്ന് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചതായാണ് റിപ്പോർട്ട്.
മൃതദേഹം കണ്ടെത്തുന്നതിൽ പരിശീലനം നേടിയ പൊലീസ് നായകളുടെ സഹായത്തോടെയാകും ശനിയാഴ്ച തെരച്ചിൽ നടത്തുക. പത്മം, റോസിലിൻ എന്നിവരെ കൂടാതെ മറ്റേതെങ്കിലും സ്ത്രീകളെ നരബലിക്ക് ഇരയാക്കിയിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് പറമ്പിൽ വിശദമായ പരിശോധനയ്ക്ക് പൊലീസ് ഒരുങ്ങുന്നത്.

അതേസമയം കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളേയും എറണാകുളം പൊലീസ് ക്ലബിൽ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. എന്നാൽ ചോദ്യം ചെയ്യലിൽ മുഖ്യപ്രതിയായ ഷാഫി സഹകരിക്കുന്നില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇയാളിൽ നിന്നും കാര്യമായി വിവരങ്ങൾ ശേഖരിക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. ലൈലയേയും ഭഗവൽ സിംഗിനേയും മാറി മാറി ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധമായ മൊഴികളാണ് ലഭിച്ചത്. ഇതെല്ലാം അന്വേഷണസംഘത്തെ കുഴയ്ക്കുന്നുണ്ട്.

മറ്റാരെയെങ്കിലും നരബലി നടത്തിയതായി ഇതുവരെ തുറന്ന് സമ്മതിച്ചിട്ടില്ല. എന്നാൽ ഇവർ എന്തോ ഒളിച്ചുവെക്കാൻ ശ്രമിക്കുന്നുവെന്നാണ് ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ബോധ്യമായത്. ഇതോടെയാണ് ഇലന്തൂരിലെ ഭഗവൽസിങിന്‍റെ വീട്ടിൽ വീണ്ടും വിശദമായ പരിശോധന നടത്താൻ അന്വേഷണസംഘം തീരുമാനിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group