തിരുവനന്തപുരം: പാറശാല ഷാരോൺ കൊലപാതകത്തിൽ തെളിവുകൾ നശിപ്പിച്ചത് പ്രതി ഗ്രീഷ്മയുടെ അമ്മയും അമ്മാവനും. കഷായത്തിന്റെ കുപ്പിയടക്കം ഇവർ നശിപ്പിച്ചെന്ന് പോലീസ്. ഷാരോൺ രാജിന്റെ മരണമറിഞ്ഞതോടെ ഇരുവർക്കും ഗ്രീഷ്മയെ സംശയമായി. തുടര്‍ന്ന് ഇരുവരും കഷായത്തിന്റെ കുപ്പിയടക്കം നശിപ്പിക്കുകയായിരുന്നു.
തെളിവുകൾ നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പ്രതിചേർക്കുമെന്ന് പോലീസ് അറിയിച്ചു. ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയിരുന്നു. മജിസ്ട്രേറ്റ് മെഡിക്കൽ കോളേജിൽ എത്തി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ് ചെയ്തത്.
ഷാരോണിന്റെ കൊലപാതകത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക് നീങ്ങിയേക്കുമെന്ന സൂചന വന്നതിനു പിന്നാലെ ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കൊലപാതകം ആസൂത്രണം ചെയ്യാൻ ഗ്രീഷ്മയെ സഹായിച്ചവരെ കേന്ദ്രീകരിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്.
ഒരു വർഷമായി ഷാരോണും ഗ്രീഷ്മയും തമ്മിൽ അടുപ്പത്തിലായിരുന്നു. ബന്ധത്തിൽ നിന്നും പിന്മാറാൻ ഷാരോൺ തയ്യാറാകാത്തതിനെ തുടർന്നാണ് കൊലപ്പെടുത്തിയതെന്നാണ് ഗ്രീഷ്മ നൽകിയ മൊഴി. കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ ഗ്രീഷ്മയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചു. ഇതോടെ ബന്ധം കൂടുതൽ വഷളായി. ബന്ധത്തിൽ നിന്ന് പിന്മാറാൻ ഷാരോണിനോട് പലകുറി പലരീതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാകാത്തതിനെ തുടർന്നാണ് ഷാരോണിനെ ഒഴിവാക്കാൻ കടുംകൈ ചെയ്തതെന്നാണ് ഗ്രീഷ്മ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.
Post a Comment