കണ്ണൂർ: പ്രണയപ്പകയില്‍ പാനൂര്‍ വള്ള്യായില്‍ വിഷ്ണുപ്രിയ എന്ന പെണ്‍കുട്ടി കഴുത്തറുത്ത് കൊല്ലപ്പെട്ടപ്പോള്‍ കണ്ണൂരിന്‍റെ നീറുന്ന ഓര്‍മയില്‍ മാനസയും.
കണ്ണൂര്‍ നാറാത്ത് രണ്ടാം മൈല്‍ സ്വദേശിനി കോതമംഗലത്തെ നെല്ലിക്കുഴി ഡെന്റല്‍ കോളജിലെ ഹൗസ് സര്‍ജന്‍ പി.വി. മാനസയെയാണ് (24) സുഹൃത്ത് തലശ്ശേരി മേലൂര്‍ രാഹുല്‍ നിവാസില്‍ രഖില്‍ (32) വെടിവെച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് സംഭവസ്ഥലത്തുവെച്ച് രഖിലും സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു.
ഇരുവരും ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. ചാറ്റ് വഴി സൗഹൃദംപുലര്‍ത്തിയ മാനസയോട് യുവാവ് പ്രണയാഭ്യര്‍ഥന നടത്തുകയായിരുന്നു. ഇത് മാനസ നിഷേധിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണമായി പൊലീസ് വിശദീകരിച്ചത്.
കണ്ണൂരില്‍വെച്ച് ഇരുവരും തമ്മില്‍ മുമ്ബും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇത് പൊലീസ് സ്‌റ്റേഷനില്‍ വരെ എത്തുകയുമുണ്ടായി. തന്നെ രഖില്‍ നിരന്തരം ശല്യപ്പെടുത്തുന്നുവെന്ന് മാനസ വീട്ടുകാരെ മുമ്ബെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് യുവാവിനെ കണ്ണൂര്‍ ഡിവൈ.എസ്.പി ഓഫിസില്‍ വിളിച്ച് പൊലീസ് താക്കീതുചെയ്ത് വിട്ടയക്കുകയായിരുന്നു.
ഇതിന്‍റെയെല്ലാം പ്രതികാരമായിട്ടായിരുന്നു മാനസ പഠിക്കുന്ന കോതമംഗലത്തെ കോളജിനടുത്തുള്ള വാടകവീട്ടിലെത്തി കൊല നടത്തിയത്. വളരെ ആസൂത്രിതമായ നീക്കത്തിലൂടെയായിരുന്നു അന്ന് രഖില്‍ കൊലനടത്തിയത്.
രഖില്‍, ഒരുമാസമായി നെല്ലിക്കുഴിയില്‍ യുവതി താമസിച്ചിരുന്ന വീടിനുസമീപം മറ്റൊരു വീട്ടില്‍ വാടകക്ക് താമസിച്ചായിരുന്നു കൊലക്കുള്ള ആസൂത്രണം നടത്തിയിരുന്നത്. ഇത്തരത്തില്‍ വളരെ ആസൂത്രിതമായാണ് ശനിയാഴ്ച പാനൂരിലെ കൊല നടന്നതും.
വിഷ്ണുപ്രിയ വീട്ടില്‍ തനിച്ചായ സമയം മനസ്സിലാക്കിയാണ് പ്രതി സ്ഥലത്തെത്തി കൃത്യം നടത്തി കടന്നുകളഞ്ഞത്. മാനസ കൊല്ലപ്പെട്ട് ഒരുവര്‍ഷം കഴിയുമ്ബോള്‍ പ്രണയപ്പകയില്‍ നടന്ന മറ്റൊരു അറുകൊല കണ്ണൂരിന്‍റെ നോവാവുകയാണ്.
Post a Comment